പരവൂർ : മാസങ്ങളായി പൂതക്കുളത്തെ പൊതുകുളങ്ങൾ ഉപയോഗശൂന്യമായിക്കിടന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പ്രദേശവാസികളുടെ പരാതി. ഭൂരിഭാഗം കുളങ്ങളുടെയും പടവുകൾ ഇടിഞ്ഞ നിലയിലാണ്. കൊടും വരൾച്ചയിൽ നിരവധി പേർ ആശ്രയിക്കുന്നത് പ്രദേശത്തെ പൊതുകുളങ്ങളെയാണ്. പത്താം വാർഡിൽ കൃഷിഭവൻ റോഡിലുള്ള കുഴിക്കുളം ഏകദേശം 90 സെന്റിൽ വ്യാപിച്ച് കിടക്കുകയാണ്. പടവുകൾ ഇടിഞ്ഞതിനാലും പായൽ കയറിയതിനാലും കുളത്തിൽ ഇറങ്ങാൻ പോലും സാധിക്കാത്ത നിലയിലാണ്. പതിനാലാം വാർഡിലെ ഇടവട്ടം എൻ.എസ്.എസ് കരയോഗത്തിനു സമീപം പുല്ലയിൽ ഏലായുമായി ബന്ധപ്പെട്ടു കിടക്കുന്ന പുല്ലയിൽ കുളത്തിൽ നിന്നാണ് കൃഷിയാവശ്യത്തിന് നാട്ടുകാർ വെള്ളമെടുക്കുന്നത്. കന്നുകാലികളെ കുളിപ്പിക്കാനും ഈ കുളം ഉപയോഗിക്കുന്നുണ്ട്. എന്നാൽ കുളത്തിലേക്ക് എത്താൻ നിലവിൽ വഴിയില്ലാത്ത അവസ്ഥയാണ്. പുന്നേക്കുളം വാർഡിലെ ചെമ്പകശ്ശേരി സ്കൂളിനു സമീപമുള്ള പുന്നേക്കുളം ചിറ കർഷകരുടെ ആശ്രയമായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയതിനാൽ ചിറ വൃത്തിഹീനമാണ്. ഊന്നിൻമൂട് അഞ്ചാം വാർഡിലെ തലക്കുളം പടവുകളിടിഞ്ഞ് പുല്ല് വളർന്ന് ഉപയോഗ ശൂന്യമായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം നീക്കം ചെയ്ത് സംരക്ഷണഭിത്തി കെട്ടി കുളങ്ങളെ സംക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.