കൊല്ലം: കേരള കർഷക സംഘം സംസ്ഥാന സമ്മേളനം ജനുവരി 22 മുതൽ 24 വരെ കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമാപന ദിവസമായ 24 ന് ഒരു ലക്ഷം കർഷകർ പങ്കെടുക്കുന്ന റാലി നടക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ, വനിതാ സമ്മേളനം, കലാപരിപാടികൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സമ്മേളനത്തിനായി എത്തുന്ന അറുന്നൂറോളം പ്രതിനിധികൾക്ക് നഗരത്തിലെ വീടുകൾ ആതിഥ്യമേകും. സമ്മേളനത്തിന് ആവശ്യമായ ഭക്ഷ്യോൽപ്പന്നങ്ങൾ ജില്ലയിലെ കൃഷിയിടങ്ങളിൽ കൃഷി ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി കാർഷിക ഉൽപ്പന്നങ്ങളുടെ വിപണന മേള ജനുവരിയിൽ നടത്തും. ജില്ലാ സെക്രട്ടറി സി.ബാൾഡുവിൻ, പ്രസിഡന്റ് ബിജു കെ.മാത്യു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .
ലോഗോ പ്രകാശനം ചെയ്തു
കൊല്ലം ∙ കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു നിർവഹിച്ചു. യു.എം ബിന്നിയാണ് ലോഗോ രൂപകൽപന ചെയ്തത്.