road
പൊട്ടിപ്പെളിഞ്ഞ് കുണ്ടും കുഴിയുമായ ചെപ്രമുക്ക് മരുതമൺ പള്ളി റോഡ്

ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ മരുതമൺപള്ളി ചെപ്രമുക്ക് റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായിട്ട് വർഷങ്ങൾ പിന്നിടുന്നു. റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പവലതവണ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. റോഡ് റീടാറിംഗിനായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പലതവണ എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാപഞ്ചായത്തിന് സമർപ്പിച്ചെങ്കിലും അധികൃതർ ഒഴിഞ്ഞ് മാറുകയാണെന്ന ആക്ഷേപം ശക്തമാണ്. ജില്ലാപഞ്ചായത്തിന്റെ കീഴിലായതിനാൽ ഗ്രാമ പഞ്ചായത്ത് റോഡ് ഏറ്റെടുത്ത് അറ്റകുറ്റപ്പണി നടത്താൻ തയ്യാറാകുന്നുമില്ല. മെയിൻ റോഡിൽ നിന്ന് നൂറുമീറ്റർ ദൂരം ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഒരുവർഷം മുമ്പ് ടാറിംഗ് നടത്തിയിരുന്നു. കാലവർഷക്കെടുതി ഫണ്ടിൽ ഉൾപ്പെടുത്തി ബാക്കി ഭാഗത്തെ അറ്റകുറ്റപ്പണി നടത്താമെന്ന ജില്ലാപഞ്ചായത്ത് അധികൃതരുടെ ഉറപ്പും പാഴായി. ഗ്രാമ പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും അനാസ്ഥ മൂലമാണ് റോഡ് നശിച്ച് കിടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ഈ റോഡിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ കിലോമീറ്ററുകൾ സഞ്ചരിച്ച് പൂയപ്പള്ളിയിലെത്തിയ ശേഷമാണ് വാഹനങ്ങൾ കൊല്ലത്തേയ്ക്ക് പോകുന്നത്.

പൂയപ്പള്ളി പഞ്ചായത്തിലെ മിക്ക റോഡുകളിലും ഒന്നിലധികം തവണ അറ്റകുറ്റപ്പണി നടത്തിയിട്ടും ഈ റോഡിനെ മാത്രം ജനപ്രതിനിധികൾ അവഗണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

 വിവിധ രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ തിരഞ്ഞെടുപ്പിലും എത്രയും വേഗം റോഡ് നന്നാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.

വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിൽ അറ്റകുറ്റപ്പണി നടത്താൻ ജനപ്രധിനിധികളും അധികൃതരും തയ്യാറാകണം
കെ. ഉദയൻ ചെപ്രമുക്ക് ( എസ്.എൻ.ഡി.പി യോഗം മരുതമൺപള്ളി 972-ാം നമ്പർ ശാഖാ കമ്മിറ്റിയംഗം, ചിറയ്ക്കൽ കോണം റസിഡന്റ്സ് അസോസിയേഷൻ കമ്മിറ്റിയംഗം )

 വയോധികരും കുട്ടികളുമുൾപ്പെടുന്ന പ്രദേശ വാസികൾ ഏറെ ദുരിതം സഹിച്ചാണ് ഇതുവഴി യാത്ര ചെയ്യുന്നത്. റോഡിന്റെ ശോച്യാവസ്ഥ കാരണം വാഹനങ്ങൾ ഇതുവഴി വരാൻ മടിക്കുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കാൻ ഗ്രാമ പഞ്ചായത്ത് അധികൃതരും ജില്ലാ പഞ്ചായത്ത് അധികൃതരും മുൻ കൈയെടുക്കണം.

സി.എസ്. സത്യബാബു (ചിറയ്ക്കൽകോണം റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി)

അറ്റകുറ്റപ്പണി നടത്തിയിട്ട് 10 വർഷം

മരുതമൺപള്ളി ചെപ്രമുക്ക് റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത് 10 വർഷം മുമ്പാണ്. റോഡിലെ ടാർ പൂർണമായും ഇളകി കുഴികൾ രൂപപ്പെട്ടതിനാൽ ഇരുചക്രവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പുന്നക്കോട് , നാൽക്കവല വാർ‌‌ഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ ഇരുവശത്തുമായി നിരവധി വീടുകളും ക്ഷേത്രങ്ങളുമുണ്ട്. ദിനംപ്രതി നിരവധി സ്കൂൾ വാഹനങ്ങളും സ്വകാര്യവാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്.