parippally
പാരിപ്പള്ളി ​- മടത്തറ റോഡിലെ ഗതാഗതകുരുക്ക്

പാരിപ്പള്ളി: ഗതാഗത തിരക്ക് മൂലം വീർപ്പുമുട്ടുന്ന പാരിപ്പള്ളിയിൽ ട്രാഫിക് പരിഷ്കരണം കടലാസിൽ ഒതുങ്ങിയ അവസ്ഥയിൽ. ട്രാഫിക് പരിഷ്കരണ കമ്മിറ്റി കൂടി ചർച്ച നടത്തിയെടുത്ത തീരുമാനങ്ങൾ മാസങ്ങൾ പിന്നിട്ടിട്ടും നടപ്പിലാക്കാതെ അധികൃതർ ഒഴിഞ്ഞുമാറുകയാണ്.

ദേശീയപാതയിലെയും പാരിപ്പള്ളി - മടത്തറ റോഡിലെയും തിക്കും തിരക്കും പരിഹാരങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നാല് മാസം മുമ്പാണ് ജനപ്രതിനിധികൾ, പൊലീസ്, വിവിധ സംഘടനകൾ എന്നിവർ ഉൾപ്പെട്ട ട്രാഫിക് പരിഷ്കരണ കമ്മിറ്റി യോഗം നടന്നത്.

ദേശീയപാതയിലും പാരിപ്പള്ളി - മടത്തറ പാതയിലും ബസ് സ്റ്റാൻഡുകൾ മുന്നോട്ട് മാറ്റി സ്ഥാപിക്കുക, പുറപ്പെടുന്നതിന് നാല് മിനിട്ട് മുമ്പ് മാത്രം ബസ് എത്തിക്കുക, ഗതാഗതം നിയന്ത്രിക്കാൻ നാല് ഹോംഗാർഡുകളെ സംഘടനകളുടെ ചെലവിൽ നിയമിക്കുക, മടത്തറ പാത വൺവേ ആക്കുന്നതിനായി ബസും ലോറിയും ജവഹർ ജംഗ്ഷൻ വഴി ദേശീയപാതയിലേക്ക് തിരിച്ചുവിടുക എന്നിവയായിരുന്നു യോഗ തീരുമാനങ്ങൾ.

 വർഷങ്ങൾ പഴക്കമുള്ള ആവശ്യം

പാരിപ്പള്ളി - മടത്തറ റോഡിലും കൊല്ലം - തിരുവനന്തപുരം ദേശീയപാതയിലും വാഹനങ്ങളുടെ തിരക്ക് മൂലം കാൽനടയാത്രപോലും അസാദ്ധ്യമായി മാറിയിരുന്നു. പഞ്ചായത്ത് മാർക്കറ്റും ഒാട്ടോ - ബസ് സ്റ്റാൻഡുകളും സ്ഥിതി ചെയ്യുന്ന മടത്തറ റോഡിലെ ട്രാഫിക് നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

നിത്യേന നിരവധി പാചകവാതക ബുള്ളറ്റ് ടാങ്കറുകൾ കടന്നുപോകുന്ന പരവൂർ പാതയിലെ പ്രധാന തടസം ഒാട്ടോ, ബസ് സ്റ്റാൻഡുകളാണ്. ഇക്കാര്യമുന്നയിച്ച് എ.പി.ജെ അബ്ദുൾ കലാം മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സുധീർ മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു. അതേസമയം ട്രാഫിക് പരിഷ്കരണത്തിന് വേണ്ട സൂചനാ ബോർഡുകളടക്കം എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായും ദേശീയപാതയിലെ പരിഷ്കരണം വൈകുന്നതാണ് പദ്ധതി ഇഴയാൻ കാരണമെന്നും പാരിപ്പള്ളി എസ്.ഐ രാജേഷ് അറിയിച്ചു.

 35 ലക്ഷം രൂപയുടെ നവീകരണം ഉടൻ

ജവഹർ ജംഗ്ഷനിൽ നിന്ന് ദേശീയപാതയിൽ സംഗമിക്കുന്ന പാതയുടെ ഭാഗം 35 ലക്ഷം രൂപ മുടക്കി നവീകരിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കുമെന്ന് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഇൗ ഭാഗത്ത് ദേശീയപാതയുടെ വീതി കൂട്ടി മീഡിയൻ സ്ഥാപിക്കും. പദ്ധതിയുടെ അഡ്മിനിസ്ട്രേറ്റീവ് അനുമതി ലഭിച്ചതായും ഇനി ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.