കൊല്ലം: രാത്രി ഏറെ വൈകിയും കാൽനടയാത്രക്കാരടക്കം സഞ്ചരിക്കുന്ന കൊട്ടിയം ജംഗ്ഷനിലെ തെരുവ് വിളക്കുകൾ കാഴ്ചവസ്തുക്കളായി മാറി. ജംഗ്ഷനിൽ ഡിവൈഡറിന് മദ്ധ്യത്തിലായി സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകൾ മാത്രമാണ് നിലവിൽ പ്രകാശിക്കുന്നത്. ദേശീയപാതയിൽ ഡിവൈഡർ കഴിഞ്ഞിട്ടുള്ള ഭാഗത്തെയും മയ്യനാട്, കണ്ണനല്ലൂർ റോഡുകളിലെയും ഭൂരിഭാഗം തെരുവ് വിളക്കുകളും മിഴിയടച്ചിട്ട് മാസങ്ങൾ പിന്നിടുന്നു.
പരസ്യങ്ങളിലൂടെ വരുമാനമുണ്ട്, പക്ഷേ..
കൊട്ടിയം ജംഗ്ഷനിൽ തിരുവനന്തപുരം ഭാഗത്തേക്ക് ഡിവൈഡർ കഴിഞ്ഞ് രണ്ട് കിലോ മീറ്ററോളം ദൂരത്തിൽ ഇരുവശങ്ങളിലും തെരുവ് വിളക്കുകൾ ആദിച്ചനല്ലൂർ പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവയിലൊന്നും ഇപ്പോൾ പ്രകാശിക്കുന്നില്ല. വാഹനങ്ങൾ തട്ടി ചിലത് നടുവൊടിഞ്ഞ് കിടപ്പാണ്. തെരുവ് വിളക്ക് പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങളിൽ നിന്നും പഞ്ചായത്തിന് വൻതുക വരുമാനമായി ലഭിക്കുന്നുണ്ടെങ്കിലും ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്താൻ തയ്യാറാകുന്നില്ല.
കൊല്ലം ഭാഗത്തേക്കും മയ്യനാട്, കണ്ണനല്ലൂർ റോഡുകളിലും വൈദ്യുതി തൂണുകളിൽ മാത്രമാണ് തെരുവ് വിളക്കുകളുള്ളത്. നൂറ് മീറ്ററിലേറെ അകലത്തിലുള്ള ഈ തെരുവ് വിളക്കുകളിൽ പലതും പ്രകാശിച്ചിട്ട് കാലങ്ങളായി.
ഇരുട്ടിലായി ദേശീയപാത
റോഡ് വക്കിലെ കടകൾ അടയ്ക്കുന്നതോടെ ദേശീയപാതയോരമാകെ ഇരുട്ടിലാകും. ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരായ സമീപവാസികളായ സ്ത്രീകളടക്കം ഏറെ ഭയന്നാണ് ഇതുവഴി സഞ്ചരിക്കുന്നത്. നാട്ടുകാർക്കിടയിൽ പ്രതിഷേധം കനക്കുമ്പോൾ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ പഴയപടിയാകുന്നതാണ് പതിവ്.
വികസനം വരുമെന്ന ന്യായം
ദേശീയപാത വികസനം വരുന്നതിനാൽ കൊല്ലത്തേക്കുള്ള ഭാഗത്ത് പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാകില്ലെന്ന നിലപാടിലാണ് മയ്യനാട്, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ. എന്നാൽ ദേശീയപാതവികസന നടപടികൾ അനന്തമായി നീളുകയാണ്. റോഡ് വകിസനത്തിന്റെ പേരിൽ കൊട്ടിയത്തെ വികസന പദ്ധതികൾ എത്രകാലം മാറ്റിവയ്ക്കുമെന്ന ചോദ്യത്തിന് തദ്ദേശ സ്ഥാപന അധികൃതർക്ക് ഉത്തരമില്ല.