പുനലൂർ: കേരള - തമിഴ്നാട് അന്തർ സംസ്ഥാന റോഡായ കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ പ്ലാച്ചേരിയിൽ പാതയോരം ഇടിഞ്ഞിറങ്ങിയിട്ടും പാർശ്വഭിത്തി നിർമ്മാണം അനന്തമായി നീളുന്നു. പാർശ്വഭിത്തി നിർമ്മിക്കാത്തത് വാഹന യാത്രക്കാരെ മുഴുവൻ ഭീതിയിലാക്കുകയാണ്. മൂന്ന് വർഷം മുമ്പ് പെയ്ത കനത്ത മഴയിലാണ് പാർശ്വഭിത്തിയും പാതയോരത്ത് സ്ഥാപിച്ചിരുന്ന ക്രാഷ്ബാരിയറും ഇടിഞ്ഞു പോയത്. ഇത് നൂറ് അടിയോളം താഴ്ചയിലെ കൊക്കയിലേക്കാണ് പതിച്ചത്.
പാതയോരം ഇടിഞ്ഞിറങ്ങിയ റോഡിന്റെ രണ്ട് ദിശകളിലും കൊടും വളവായതിനാൽ വാഹനങ്ങൾ അടുത്ത് വന്നാലേ പരസ്പരം കാണാൻ കഴിയൂ. ഇതാണ് വലിയ വാഹനങ്ങളുടെ ഡ്രൈവർമാരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ഇത് കൂടാതെ പാതയോരത്ത് സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് കാൽ നടയാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. അന്തർ സംസ്ഥാന കെ.എസ്.ആർ.ടി.ബസ് അടക്കം ദിവസവും ആയിരക്കണക്കിന് ചരക്ക് ലോറികൾ ഉൾപ്പെടെയുളള വാഹനങ്ങൾ കടന്ന് പോകുന്ന പാതയോരമാണ് മൂന്ന് വർഷമായി ഇടിഞ്ഞ് അപകട ഭീഷണി ഉയർത്തുന്നത്.
100 അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് പാർശ്വഭിത്തിയും ക്രാഷ്ബാരിയറും ഇടിഞ്ഞു വീണത്
70 മീറ്ററോളം നീളത്തിൽ പാതയോരം ഇടിഞ്ഞു
3 വർഷം മുമ്പാണ് കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ പ്ലാച്ചേരിയിൽ പാതയോരം ഇടിഞ്ഞത്
അപകട സൂചനാ ബോർഡുകൾ
പാതയോരം ഇടിഞ്ഞത് മൂലം ഒരാഴ്ചയോളം ഗതാഗതം ഭാഗികമായി അന്ന് തടസപ്പെട്ടിരുന്നു. പിന്നീട് മൺ ചാക്കുകൾ അടുക്കി ഇവിടെ താൽക്കാലിക പാർശ്വഭിത്തി നിർമ്മിച്ചെങ്കിലും ഇതും മഴയത്ത് ഒലിച്ച് പോയി. പിന്നീട് പാതയോരത്ത് ടാർ ബീപ്പകൾ നിരത്തിയാണ് അപകടങ്ങൾ ഒഴിവാക്കിയിരുന്നത്. എന്നാൽ കാലപ്പഴക്കത്തെ തുടർന്നും വാഹനങ്ങൾ ഇടിച്ചും ടാർ ബീപ്പകളിൽ ഭൂരിഭാഗവും നശിച്ച് പോയി. ഇതിന് ശേഷം ഇവിടെ അപകട സൂചനാ ബോർഡുകൾ പോലും കാര്യമായ നിലയിൽ സ്ഥാപിച്ചിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.
ശബരിമല തീർത്ഥാടകർ
ശബരിമല തീർടത്ഥാടനം ആരംഭിച്ചതോടെ ഇതുവഴിയുള്ള തിരക്ക് വർദ്ധിച്ചിരിക്കുകയാണ്. അയൽ സംസ്ഥാനമായ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിന് വാഹനങ്ങളിലാണ് തീർത്ഥാടകർ ഇത് വഴി ശബരിമലയ്ക്കും തിരിച്ചും ദിവസവും കടന്ന് പോകുന്നത്.
വ്യാപക പരാതി
അഞ്ച് വർഷം മുമ്പ് സമീപത്തെ വാളക്കോട്ട് പാതയോരം ഇടിഞ്ഞ് റെയിൽവേ ട്രാക്കിലേക്ക് വീണിരുന്നു. ഇവിടെ കരിങ്കൽ ഉപയോഗിച്ച് കൂറ്റൻ സംരക്ഷണ ഭിത്തി പണിത് പാതയോരം സംരക്ഷിച്ചിട്ടും പ്ലാച്ചേരിയിലെ പാതയോരത്ത് പുതിയ പാർശ്വഭിത്തി നിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കരിങ്കൽ കെട്ടിയോ, കോൺക്രീറ്റ് ചെയ്തോ പുതിയ പാർശ്വഭിത്തി പണിതില്ലെങ്കിൽ ഇവിടെ വാഹനാപകടങ്ങൾ തുടർക്കഥയാകും.