photo
കരുനാഗപ്പള്ളി താലൂക്ക് അർബൻ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: താലൂക്ക് അർബൻ ബാങ്കുകളെ ശിഥിലീകരിക്കാനുള്ള റിസർവ് ബാങ്കിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി താലൂക്ക് അർബൻ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അന്യായമായ നിയന്ത്രണങ്ങളാണ് റിസർവ് ബാങ്ക് താലൂക്ക് അർബൻ ബാങ്കുകളുടെ മേൽ ചുമത്തുന്നത്. കേരളത്തിൽ അർബൻ ബാങ്കുൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുമാണ് പ്രവർത്തിക്കുന്നത്.

സർക്കാരിന്റെ ഇടപെടൽമൂലം സഹകരണ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. എങ്കിൽപ്പോലും കേരളത്തിൽ സഹകരണ മേഖല വെല്ലുവിളികൾ നേരിടുകയാണ്. വർത്തമാന കാലഘട്ടത്തിൽ സഹകരണ മേഖലയെ കാലോചിതമായി പരിഷ്കരിക്കുന്നന്റെ ഭാഗമായാണ് കേരള ബാങ്കിന് രൂപം നൽകിയതെന്നും മന്ത്രി പറഞ്ഞു.

ആർ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ. വിജയൻപിള്ള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.സി. രാജൻ, അഡ്വ. എം.എസ്. താര, ആർ. രവീന്ദ്രൻപിള്ള, ബി. മോഹൻദാസ്, ജെ. ജയകൃഷ്ണപിള്ള, പി.ബി. രാജു, എ. വിജയൻപിള്ള, കാട്ടൂർ ബഷീർ, പി.ജെ. അബ്ദുൽഗഫാർ, ഡി. പ്രസന്നകുമാരി, എസ്. സന്തോഷ് കുമാർ, ബാങ്ക് ഡയറക്ടർമാരായ വൈ. പൊടികുഞ്ഞ്, എ. അബ്ബാസ്, ഗേളി ഷൺമുഖൻ, ബി. പ്രദീപ് കുമാർ, എ. സജിത, എം.എസ്. ഷെറിൻ, കെ. കൃഷ്ണൻകുട്ടി, ബി. ശ്രീകുമാർ, അസി. സെക്രട്ടറി എസ്. മംഗള, സെക്രട്ടറി ബി. സദാശിവൻപിള്ള,എന്നിവർ പ്രസംഗിച്ചു.