photo
ഇ.എസ്.ഐ കോർപ്പറേഷൻ പുത്തൻതെരുവിൽ നിർമ്മിച്ച ബഹുനില മന്ദിരം

കരുനാഗപ്പള്ളി: പുതിയകാവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ.എസ്.ഐ കുലശേഖരപുരം ഡിസ്പെൻസറി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാത്തത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നാല് പതിറ്റാണ്ടിലേറെയായി ഇ.എസ്.ഐ കുലശേഖരപുരം ഡിസ്പെൻസറി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. പരിമിതമായ സൗകര്യത്തിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യമാണ് ഇ.എസ്.ഐ കോർപ്പറേഷൻ സാക്ഷാൽകരിച്ചത്. കോർപ്പറേഷന് ദേശീയപാതയ്ക്ക് സമീപം പുത്തൻ തെരുവിൽ സ്വന്തമായുള്ള ഭൂമിയിൽ 2.5 കോടി രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരം നിർമ്മിച്ചത്. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി മൂന്ന് വർഷങ്ങൾ കഴിഞ്ഞെങ്കിലും പുതിയകാവിലുള്ള ഡിസ്പെൻസറി ഇപ്പോഴും വാടക കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നില ഡിസ്പെൻസറിക്കും മുകളിൽ ബ്രാഞ്ച് ഓഫീസിനും വേണ്ടിയാണ് നിർമ്മിച്ചത്. 6 മാസങ്ങൾക്ക് മുമ്പ് ഇ.എസ്.ഐ ബ്രാഞ്ച് ഓഫീസ് വാടകക്കെട്ടിടത്തിൽ നിന്ന് പുത്തൻ തെരുവിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. എന്നാൽ ഡിസ്പെൻസറിക്ക് വേണ്ടി നിർമ്മിച്ച താഴത്തെ നില ഇപ്പോഴും പൂട്ടിയിട്ടിരിക്കുകയാണ്. ഇ.എസ്.ഐ കരുനാഗപ്പള്ളി ബ്രാഞ്ച് ഓഫീസിന്റെ പരിധി തെക്ക് നീണ്ടകര മുതൽ വടക്ക് കൃഷ്ണപുരം വരെയാണ്.

 കുലശേഖരപുരം ഡിസ്പെൻസറിയൽ 3 ഡോക്ർമാരുടെ സേവനമാണ് നിലവിൽ ലഭിക്കുന്നത്.

 ദിവസവും 150 ഓളം തൊഴിലാളികൾ ഇവിടെ ചികിത്സ തേടിയെത്താറുണ്ട്.

 5000 തൊഴിലാളികളാണ് കുലശേഖരപുരം ഡിസ്പെൻസറിയിലെ ചികിത്സയ്ക്കായി ഇ.എസ്.ഐ ബ്രാഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരുടെ ആശ്രിതർ കൂടിയാകുമ്പോൾ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കും.

കോർപ്പറേഷന് ദേശീയപാതയ്ക്ക് സമീപം പുത്തൻ തെരുവിൽ സ്വന്തമായുള്ള ഭൂമിയിൽ 2.5 കോടി രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരം നിർമ്മിച്ചത്

സൗകര്യങ്ങളുണ്ട്: നടപടിയില്ല

ഡിസ്പെൻസറിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിൽ രോഗികളെ പരിശോധിക്കുന്നതിനുള്ള മുറികൾ, ഡോക്ടർമാരുടെ വിശ്രമ മുറികൾ, രോഗികൾക്ക് ഇരിക്കാനുള്ള സൗകര്യം, ഫാർമസി, ലബോറട്ടറി, ഡ്രസിംഗ് റൂം, രജിസ്ട്രേഷൻ കൗണ്ടർ, സ്ത്രീകൾക്കും പുരുഷൻമാക്കുമുള്ള ടൊയ്ലെറ്റുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുണ്ട്. ഇയ്രയും സൗകര്യങ്ങളുണ്ടായിട്ടും ബന്ധപ്പെട്ട അധികൃതർ വാടക കെട്ടിടത്തിൽ നിന്നും ഇ.എസ്.ഐ കുലശേഖരപുരം ഡിസ്പെൻസറി മാറ്റാൻ താല്പര്യം കാട്ടുന്നില്ലെന്നാണ് പരാതി. ഡിസ്പെൻസറിയുടെ താക്കോൽ ഇ.എസ്.ഐ കോർപ്പറേഷൻ ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട് . ഇനി സംസ്ഥാന സർക്കാരാണ് തീരുമാനം എടുക്കേണ്ടത്.