c
സവാള എത്തിയിട്ടും കടകളിൽ കത്തിവില

കൊല്ലം: സവാള വില കുറഞ്ഞു തുടങ്ങിയെങ്കിലും വിലക്കുറവ് വിപണിയിൽ പ്രതിഫലിക്കുന്നില്ല. സൂപ്പർ മാർക്കറ്റുകളിലും ചില്ലറ വില്പന കടകളിലും പല വിലയാണ് ഈടാക്കുന്നത്. ജില്ലാ ഭരണകൂടം ഇടപെട്ട് അഞ്ചു ടൺ സവാള എത്തിച്ച് കിലോഗ്രാമിന് 95 രൂപയ്ക്ക് സിവിൽ സപ്ളൈസിന്റെ വില്പനശാലകളിലൂടെ വിറ്റഴിക്കുന്നുണ്ട്. എന്നാൽ ബഹുഭൂരിപക്ഷവും ആശ്രയിക്കുന്ന പൊതുവിപണിയിൽ വിലക്കുറവിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിട്ടില്ല. സൂപ്പർ മാർക്കറ്റുകളിൽ വില കുറയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. അതേസമയം, ഹോർട്ടി കോർപ്പിന്റെ ഔട്ട് ലെറ്റിൽ ഇന്നലെ സവാള 147 രൂപയ്ക്കാണ് വിറ്റത്. ഉള്ളിയ്ക്ക് കിലോയ്ക്ക് 142 രൂപയും ഈടാക്കി.

ഇന്നലെ സൂപ്പർമാർക്കറ്റിലെ വില

സവാള (പ്രിമിയം) 115 രൂപ

(റഗുലർ) 85 രൂപ

ചെറുകിട കടകളിലെ വില

പ്രിമിയം---- 150 രൂപ

റഗുലർ----- 120 രൂപ

നിലവാരം കുറഞ്ഞത് 80 രൂപയ്ക്കും ലഭിക്കും

കേരളത്തിന് പ്രതിദിനം

ആവശ്യമുള്ള സവാള: 50- 60 ലോഡ് (ഒരു ലോഡ്: 16- 25 ടൺ)

ഇപ്പോൾ വരുന്നത്: 10- 15 ലോഡ് മാത്രം

ഒരു ജില്ലയ്ക്ക് ശരാശരി 4 ലോഡ് ദിവസം വേണം.

വരും ദിവസങ്ങളിൽ

വരവ് കൂടും

മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ പുതിയ വിളവെടുപ്പ് തുടങ്ങിയതോടെ കൂടുതൽ ലോഡ് സവാള വന്നുകൊണ്ടിരിക്കുകയാണെന്ന് വിപണിയിലെ ഇടനിലക്കാരും കമ്മിഷൻ ഏജന്റുമാരും പറയുന്നു. വില വൈകാതെ 100 രൂപയിലും താഴും. എന്നാൽ വില കുറയുന്ന ട്രെൻഡ് തുടങ്ങിയതിനാൽ ഏജന്റുമാർ കൂടുതൽ ലോഡ് എടുക്കാൻ മടിക്കുകയാണ്. കാരണം സവാള ലോഡ് കേരളത്തിലെത്താൻ 3- 4 ദിവസമെടുക്കും. സാധനം എത്തുമ്പോഴേക്കും വില താഴ്ന്നിരിക്കുന്നതിനാൽ നഷ്ടം സംഭവിക്കും.

ചെറുകിട കച്ചവടക്കാർ നേരത്തെ എടുത്ത സ്റ്റോക്കാണ് കിലോഗ്രാമിന് 150 രൂപ വരെ വിലയ്ക്ക് വിൽക്കുന്നത്.

'പുതിയ ലോഡ് വന്നു തുടങ്ങി. ഏതാനും ദിവസത്തിനകം സവാള ക്ഷാമം തീരും. വിലയും കുറയും"

നിതിൻ യൂസുഫ്

(സവാള കമ്മിഷൻ ഏജന്റ്)