അഞ്ചാലുംമൂട് : സ്കൂളിൽ നിന്ന് ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയുടെ കാലിൽ ഓട്ടോറിക്ഷയുടെ പിൻചക്രം കയറി പരിക്കേറ്റു. സംഭവത്തിന് ശേഷം ഓട്ടോറിക്ഷ നിറുത്താതെ കടന്നു കളഞ്ഞു. ഇന്നലെ വൈകിട്ട് നാലിന് അഞ്ചാലുംമൂട് ജംഗ്‌ഷനിലാണ് സംഭവം. പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും പെരുമൺ അയന്തി പട്ടാഴിയിൽ അജിത്ത്കുമാറിന്റെ മകളുമായ അതുല്യയ്ക്കാണ് (14) പരിക്കേറ്റത്.
നാട്ടുകാർ അഞ്ചാലുംമൂട് പൊലീസിൽ വിവരം അറിയിച്ചപ്പോൾ പരിക്കേറ്റ വിദ്യാർത്ഥിനിയുമായി സ്റ്റേഷനിലെത്താനായിരുന്നു നിർദ്ദേശം. ഓട്ടോ റിക്ഷ കാഞ്ഞിരംകുഴി ഭാഗത്തേക്ക് ഓടിച്ചുപോയതായി പെൺകുട്ടി പറഞ്ഞു. നാട്ടുകാർ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷമാണ് വീട്ടുകാരെ വിവരമറിയിച്ചത്. രക്ഷിതാക്കൾ പരിക്കേറ്റ പെൺകുട്ടിയുമായി സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് കേസെടുത്തു.