കിഴക്കേക്കല്ലട: ചിറ്റുമല മൺറോത്തുരുത്ത് റോഡിൽ സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂളിനു കിഴക്കുവശത്ത് നിൽക്കുന്ന വൈദ്യുത തൂണ് അപകടക്കെണിയാകുന്നു. ഇതിലൂടെ പതിനൊന്ന് കെ.വി.ലൈനും കടന്നു പോകുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിനോട് ചേർന്ന് നിൽക്കുന്ന തൂണിന്റെ ചരിവു മൂലം വാഹനത്തിന്റെ മുകൾഭാഗം തൂണിലുരസാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. വാഹനം വൈദ്യുത തൂണിൽ ശക്തിയായി ഉരസാനിടയായാൽ വലിയ അപകടമുണ്ടായേക്കാം. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്യൂസ് യൂണിറ്റുകൾ കൈയെത്തുന്ന അകലത്തിലാണ്. ഇതു വഴി നൂറുകണക്കിന് കുട്ടികളാണ് നടന്നു പോകുന്നത്. അപകടക്കെണിയായി നിൽക്കുന്ന വൈദ്യുതപോസ്റ്റ് എത്രയും വേഗം വശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.