v
ബൈക്ക് യാത്രക്കാരെ അടിച്ചു വീഴ്ത്തി വെട്ടിയ പ്രതികൾക്ക് 4 വർഷം തടവും പിഴയും

കൊല്ലം: ബൈക്ക് യാത്രക്കാരെ അടിച്ചു വീഴ്ത്തി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് നാലു വർഷം തടവും പിഴയും കൊല്ലം പ്രിൻസിപ്പൽ അസിസ്​റ്റന്റ് സെഷൻസ് ജഡ്ജി ഡോണി തോമസ് വർഗ്ഗീസ് വിധിച്ചു.

മീനാട് മാമ്പള്ളിക്കുന്നം ലേഖ സദനത്തിൽ വസന്തകുമാർ (41), അമൽ ഭവനിൽ മധു (48), പക്രു എന്നുവിളിക്കുന്ന അമൽ (24) എന്നിവർക്കാണ് ശിക്ഷ.

2016 ഫെബ്രുവരി 12ന് രാത്രി 12 മണിയോടെ ചാത്തന്നൂർ മീനാട് മാമ്പള്ളിക്കുന്നത്ത് വച്ച് ബൈക്ക് യാത്രക്കാരായ ഉണ്ണിഗോപൻ, സൂരജ് എന്നിവരെ ആക്രമിച്ച് 13,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും നഷ്ടപ്പെടുത്തിയ കേസിലാണ് ഒന്നു മുതൽ മൂന്നുവരെ പ്രതികൾക്ക് നാലു വർഷം തടവും 25,000 രൂപ പിഴയും വിധിച്ചത്. പിഴ ഒടുക്കാഞ്ഞാൽ മൂന്ന് മാസം തടവ് അധികമായി അനുഭവിക്കണം.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ്, പി.ബി. സുനിൽ എന്നിവർ ഹാജരായി.