palam
നിർമ്മാണം പൂർത്തീകരിച്ച പെരുങ്ങള്ളൂർ പാലം മന്ത്രി കെ. രാജു സന്ദർശിക്കുന്നു. ജനപ്രതിനിധികളായ രഞ്ജു സുരേഷ്, അഡ്വ. വി. രവീന്ദ്രനാഥ്, ജി.എസ്. അജയകുമാർ തുടങ്ങിയവർ സമീപം

അഞ്ചൽ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടുകാരുടെ ചിരകാലസ്വപ്നമായ പെരുങ്ങള്ളൂർ പാലം ഉടൻ നാടിന് സമർപ്പിക്കും. ദശാബ്ദങ്ങളായുള്ള ആവശ്യമാണ് ഇതോടെ പൂവണിയുന്നത്. മുമ്പ് ഇവിടെ ഉണ്ടായിരുന്ന കോഴിപ്പാലത്തിന്റെ വീതിക്കുറവാണ് പുതിയ പാലമെന്ന ആവശ്യത്തിന് പിന്നിലുണ്ടായിരുന്നത്. വാഹനങ്ങൾക്ക് ഇതിലൂടെ കടന്നുപോകാൻ വളരെയധികം പ്രയാസമായിരുന്നു. ഇതാണ് യാത്രക്കാരെ വലച്ചിരുന്നത്.

നിരവധി സർക്കാരുകൾ വന്നുപോയെങ്കിലും പുനലൂർ ചടയമംഗലം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്ന ആവശ്യത്തിന് പരിഗണന ലഭിച്ചിരുന്നില്ല. എന്നാൽ ഈ സർക്കാരിന്റെ കാലത്ത് പാലത്തിന്റെ നിർമ്മാണം നടത്തുമെന്ന് മന്ത്രി കെ. രാജുവും ചടയമംഗലം എം.എൽ.എ. മുല്ലക്കര രത്നാകരനും നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. ഇടമുളയ്ക്കൽ-ഇട്ടിവ പഞ്ചായത്തുകളെ കൂട്ടിയോജിപ്പിക്കുന്ന ഈ പാലം തുറക്കുന്നതോടെ അഞ്ചൽ മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ ചടയമംഗലം, ഇട്ടിവ പഞ്ചായത്ത് അതിർത്തികളിൽ എത്തിച്ചേരാൻ കഴിയും.

ചെലവ്: 3.25 കോടി

പാലത്തിന്റെ വീതി: 9 മീറ്റർ

നീളം:40 മീറ്റർ

നടപ്പാതയുടെ വീതി: 1.5മീറ്രർ

മന്ത്രി കെ. രാജു പാലം സന്ദർശിച്ചു

ഒന്നരവർഷം മുമ്പ് നിർമ്മാണം ആരംഭിച്ച പാലം ത്വരിതഗതിയിലാണ് പൂർത്തീകരിച്ചത്. നിർമ്മാണ ഘട്ടത്തിൽ നിരവധി തവണ സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ. രാജു ഇവിടം സന്ദർശിച്ച് പുരോഗതി വിലയിരുത്തിയിരുന്നു. രണ്ട് ദിവസം മുമ്പും മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പാലത്തിൽ സന്ദർശനം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.എസ്. അജയകുമാർ ഉൾപ്പെടെയുള്ള ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.