paravur

പരവൂര്‍: അംഗൻവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പോഷകാഹാര പൊടിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടി. പൂതക്കുളം ശ്രീവിലാസത്തിൽ ചിപ്പി ചന്ദ്രന്റെ പതിനൊന്ന് മാസം പ്രായമുള്ള കുട്ടിക്ക് ഈഴംവിളയിലെ അംഗൻവാടിയിൽ നിന്നും നൽകിയ പൊടിയിലാണ് പല്ലിയെ കണ്ടത്. കഴിഞ്ഞ മാസം 15നാണ് ചിപ്പി ആറ് കവറുകളിലായി മൂന്ന് കിലോ പൊടി വാങ്ങിയത്. ഇതിൽ അഞ്ച് കവറിലെ പൊടിയും കുട്ടിക്ക് നല്‍കിയിരുന്നു.അവസാനത്തെ കവർ പൊട്ടിച്ച് പൊടി പാത്രത്തിലേക്കു മാറ്റിയപ്പോഴാണ് പല്ലിയെ കണ്ടത്. ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും ആരും അന്വേഷിക്കാൻ വിളിച്ചില്ലെന്ന് ചിപ്പി പറയുന്നു.

കൊല്ലം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നല്‍കി. കുട്ടിക്ക് ദിവസങ്ങൾക്ക് മുമ്പ് ചെറിയ പനി വന്നിരുന്നു. അന്ന് പാരിപ്പള്ളി മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊടി വേവിച്ചു കഴിച്ചതിനാൽ പേടിക്കേണ്ട കാര്യമില്ലെന്ന് ഡോക്ടർ പറഞ്ഞതായി ചിപ്പി വെളിപ്പെടുത്തി. ബ്ലോക്കിൽനിന്നും എത്തുന്ന പൊടി ആവശ്യക്കാർക്ക് വിതരണം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും പൊടിയിൽ പല്ലി വന്നതെങ്ങനെ എന്ന് അറിയില്ലെന്നും അംഗൻവാടി ജീവനക്കാർ പറഞ്ഞു.