കണ്ടെത്തിയത് വൻ ക്രമക്കേടുകൾ
കൊല്ലം: ജില്ലയിലെ കുണ്ടറ, പത്തനാപുരം, ചാത്തന്നൂർ, പുനലൂർ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ
കണ്ടെത്തി.
കടയുടമകളിൽ നിന്നും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തുന്നില്ല, പരിശോധന നടത്തുന്ന കടകളിൽ നിന്നും ശേഖരിക്കുന്ന സാമ്പിളുകളിൽ ഹാനികരമായ പദാർത്ഥങ്ങൾ കണ്ടെത്തിയാലും നടപടി സ്വീകരിക്കുന്നില്ല തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരാതികൾ ശരിവയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് വിജിലൻസിന് ലഭിച്ചത്.
വിജിലൻസ് ഡി.വൈ.എസ്.പി കെ. ആശോകകുമാർ, സി.ഐമാരായ വി.ആർ. രവികുമാർ, അജയനാഥ്, അൽജബാർ, സുധീഷ് വി.പി, ചിറ്റുമല ചൈൽഡ് ഡെവലപ്പ്‌മെന്റ് പ്രോജക്ട് ഓഫീസർ സുഷമ, നെടുവത്തൂർ പഞ്ചായത്ത് സെക്രട്ടറി ജയകുമാർ.എം, കൊട്ടാരക്കര കൃഷി ഓഫീസർ റോഷൻജോർജ്ജ്, കൊല്ലം എംപ്ലോയ്മെന്റ് ഓഫീസർ ശ്രീഹരി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് ഡി.വൈ.എസ്.പി അറിയിച്ചു.
കണ്ടെത്തിയ ക്രമക്കേടുകൾ
കുണ്ടറയിൽ
കടകളിൽ നിന്നും ശേഖരിച്ച് തിരുവനന്തപുരം അനലറ്റിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചവയിൽ അഞ്ച് സാമ്പിളുകൾ ഹാനികരമാണെന്ന് റിപ്പോർട്ട് ലഭിച്ചു. എന്നാൽ ഇതിന്മേൽ തുടർ നടപടി സ്വീകരിച്ചില്ല. ഈ വർഷം ജൂണിന് ശേഷം ശേഖരിച്ച എട്ട് സാമ്പിളുകളുടെ ഫലം ലാബിൽ നിന്നും ലഭിച്ചില്ല. ഇത് ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തിയില്ല. പരാതികളിന്മേൽ സ്വീകരിച്ച നടപടികൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.
കൊട്ടാരക്കരയിൽ
ഭക്ഷ്യവസ്തുക്കളിൽ ഹാനികരമായ അംശം കണ്ടെത്തിയതിനെ തുടർന്ന് നിയമ നടപടിക്ക് കൊട്ടാരക്കര ആർ.ഡി.ഒ കോടതി അനുമതി നൽകിയ 2018ലെ രണ്ട് ഫയലുകളിലും 2019ലെ ഒരു ഫയലിലും തുടർ നടപടി സ്വീകരിച്ചില്ല. ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട 2014ൽ രജിസ്റ്റർ ചെയ്ത ഒരു കേസിലും 2015ലെ രണ്ട് കേസുകളിലും വിചാരണ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചില്ല.
ചാത്തന്നൂരിൽ
ചാത്തന്നൂരിൽ ആകെയുള്ള 2 ജീവനക്കാരിൽ ഫുഡ് സേഫ്റ്റി ഓഫീസർ ശബരിമല ഡ്യൂട്ടിയിലാണ്. രണ്ടാമനായ എൽ. ഡി ക്ലർക്ക് 11 മണിക്ക് ഓഫീസിൽ ഹാജരായിരുന്നില്ല. തുടർന്ന് ഫുഡ് സേഫ്റ്റി ജില്ലാ അസ്സിസ്റ്റന്റ് കമ്മിഷണർ ഓഫീസിലെ 2 ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയാണ് ഫയലുകൾ പരിശോധിച്ചത്.ഈ വർഷം ലാബ് പരിശോധന നടത്തി സുരക്ഷിതമല്ലെന്ന് റിസൾട്ട് കിട്ടിയ ഏഴെണ്ണത്തിൽ ഒന്നൊഴികെ മറ്റൊന്നിലും നടപടിയെടുത്തിട്ടില്ല. പരാതികൾ കൃത്യമായി എഴുതി സൂക്ഷിച്ചിട്ടില്ല.
പുനലൂരിൽ
എല്ലാമാസവും ഭക്ഷ്യസുരക്ഷാ ഓഫീസർ മൂന്ന് സാമ്പിളുകളെങ്കിലും ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് ചട്ടം. എന്നാൽ പുനലൂരിൽ 2018 ആഗസ്റ്റ്, സെപ്റ്റംബർ, 2019 ഏപ്രിൽ മാസങ്ങളിൽ സാമ്പിളുകൾ ശേഖരിച്ചിട്ടില്ല. 2015 മുതൽ 2019 വരെ ആകെയുള്ള 8 പ്രോസിക്യൂഷൻ കേസുകൾ ജെ.എഫ്.എം.സി കോടതിയിലും 2015 മുതൽ 2019 വരെയുള്ള 10 കേസുകൾ ആർ.ഡി.ഒ കോടതിയിലും വിചാരണ പൂർത്തിയാകാതെ അവശേഷിക്കുന്നു. ഒന്നിൽ കൂടുതൽ തവണ പിഴ ഈടാക്കിയ പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഓയിൽ സ്ഥാപനത്തിനെതിരെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചില്ല.