കൊല്ലം: കേരളത്തിന്റെ സാംസ്‌കാരിക മാന്യതയ്ക്ക് പ്രധാന കാരണം സാഹിത്യകാരന്മാരും കവികളും നോവലിസ്റ്റുകളുമായിരുന്നെങ്കിൽ ഇന്ന് ഈ രംഗങ്ങളിലെല്ലാം നാം പിറകോട്ട് പോയിരിക്കുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. 'പെരുന്തച്ചൻ' എന്ന ഒറ്റ സിനിമ കൊണ്ട് മലയാള സിനിമയിൽ അനശ്വരനായ അജയന്റെ ആത്മകഥ 'മകുടത്തിൽ ഒരു വരി ബാക്കി' പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പ് പ്രഗത്ഭരായ എഴുത്തുകാരുടെ സൃഷ്ടികളാണ് സിനിമകളായി വന്നിരുന്നതെങ്കിൽ ഇപ്പോൾ 'തരികിട'കളുടെ കാലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഏതെങ്കിലും പാട്ടുകൾ ഇപ്പോൾ ഉണ്ടാകുന്നുണ്ടോ? കൃത്യമായ തിരക്കഥ പോലുമില്ല. കവിതയുടെ കാര്യം പറയാനുമില്ല. എങ്ങനെയെങ്കിലും ആദായമുണ്ടാക്കാനുള്ള നെട്ടോട്ടമാണ് എല്ലാവർക്കും. മലയാളമനസ്സിൽ വിങ്ങലുകൾ സൃഷ്ടിച്ച ഒരുപാട് കഥാപാത്രങ്ങളെ നമുക്ക് സംഭാവനചെയ്ത തോപ്പിൽ ഭാസിക്ക് മനുഷ്യന്റെ മാനസിക വ്യഥകൾ കാണാൻ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. കവി റഫീഖ് അഹമ്മദ് പുസ്തകം പ്രകാശനം ചെയ്തു. തോപ്പിൽ ഭാസിയുടെ സഹധർമ്മിണിയും അജയന്റെ അമ്മയുമായ അമ്മിണിയമ്മ പുസ്തകം ഏറ്റുവാങ്ങി. ആത്മകഥ കേട്ടെഴുതിയ ലക്ഷ്മൺ മാധവിനെ പന്ന്യൻ രവീന്ദ്രൻ ആദരിച്ചു. കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി പ്രസിഡന്റ് സി.ആർ ജോസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. എസ് സുരേഷ് സ്വാഗതം പറഞ്ഞു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, 'പെരുന്തച്ച'ന്റെ നിർമ്മാതാവ് ഭാവചിത്ര ജയകുമാർ, സൗണ്ട് എഡിറ്റർ ഹരികുമാർ, രാമദാസ് (ഡിസി ബുക്സ്), ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി കെ. മനോജ്കുമാർ, ഹാസ്യകൈരളി എഡിറ്റർ എസ്. മോഹനചന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി. ഉഷാകുമാരി, അജയന്റെ സഹധർമ്മിണി ഡോ. സുഷമകുമാരി എന്നിവർ സംസാരിച്ചു. ജയൻ മഠത്തിൽ നന്ദി പറഞ്ഞു.