c
കശുഅണ്ടി ഗ്രേഡിംഗ് തൊഴിലാളികൾ കാഷ്യു കോർപ്പറേഷൻ ആസ്ഥാന ഓഫീസ് ഉപരോധിച്ചതിനെ തുടർന്ന് അകത്തേക്ക് കയറാനാകാതെ ഗേറ്രിന് പുറത്ത് നിൽക്കുന്ന ജീവനക്കാർ

# ഓഫീസ് പ്രവർത്തനം സ്തംഭിച്ചു

കൊല്ലം: ജോലിഭാരം വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കശുഅണ്ടി വികസന കോർപ്പറേഷനു കീഴിലുള്ള ഫാക്ടറികളിലെ ഗ്രേഡിംഗ് വിഭാഗം തൊഴിലാളികൾ ആരംഭിച്ച പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികൾ ഇന്നലെ കാഷ്യു കോർപ്പറേഷൻ ആസ്ഥാനത്തേക്ക് തള്ളിക്കയറി ഓഫീസ് ഉപരോധിച്ചു. ഓഫീസ് ജീവനക്കാർക്ക് അകത്ത് പ്രവേശിക്കാൻ കഴിയാതിരുന്നതിനാൽ വൈകുന്നേരം വരെ ഓഫീസ് പ്രവർത്തനം തടസ്സപ്പെട്ടു.

ഇന്നലെ രാവിലെ 9 മണിയോടെയാണ് ഒരുവിഭാഗം തൊഴിലാളികൾ കോർപ്പറേഷൻ ആസ്ഥാനത്തെത്തിയത്. തുറന്നുകിടന്ന പ്രധാനഗേറ്റിലൂടെ ഓഫീസ് വളപ്പിൽ കടന്ന തൊഴിലാളികൾ ഓഫീസിന് മുന്നിലെത്തി ഉപരോധിക്കുകയായിരുന്നു. ഈ സമയം ഓഫീസ് ജീവനക്കാർ എത്തിയിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാർ ഗേറ്റ് പൂട്ടി. പിന്നാലെ കൂടുതൽ തൊഴിലാളികൾ പ്രകടനമായെത്തി പ്രധാനഗേറ്റിനു മുന്നിൽ ഉപരോധം സൃഷ്ടിച്ചു. അതോടെ ജീവനക്കാർക്ക് അകത്ത് പ്രവേശിക്കാനായില്ല. ഈസ്റ്റ്, വെസ്റ്റ് സി.ഐമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. സമര നേതാവും ഐ.എൻ.ടി.യു.സി മുൻ ജില്ലാ സെക്രട്ടറിയുമായ മനോജുമായി പൊലീസ് ചർച്ച നടത്തിയെങ്കിലും തൊഴിലാളികൾ പിന്മാറാൻ തയ്യാറായില്ല. വൈകിട്ട് 5 മണിക്ക് ശേഷവും സമരം തുടർന്നപ്പേൾ മുകളിൽ നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്ന് പൊലീസ് തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലം വൈസ് പ്രസിഡന്റ് റാംമോഹനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മനോജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തൊഴിലാളികൾ തടഞ്ഞു. പ്രശ്നം ഒത്തുതീർപ്പായില്ലെങ്കിൽ തിങ്കളാഴ്ച കാഷ്യു കോർപ്പറേഷൻ ആസ്ഥാനത്തേക്ക് തൊഴിലാളികൾ മാർച്ച് നടത്തുമെന്ന് മനോജ് പറഞ്ഞു. വടക്കേവിള കാഞ്ഞാങ്ങാട്, പാൽക്കുളങ്ങര, കല്ലുംതാഴം, കിളികൊല്ലൂർ ഫാക്ടറികളിലെ തൊഴിലാളികളാണ് ഉപരോധത്തിൽ പങ്കെടുത്തത്. കശുഅണ്ടി മേഖലയിലെ അംഗീകൃത യൂണിയനുകളൊന്നും സമരത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും തിങ്കളാഴ്ച വിഷയം ചർച്ച ചെയ്യാൻ അംഗീകൃത യൂണിയൻ നേതാക്കളെ കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ഒരു ദിവസം ഒരു തൊഴിലാളി തരംതിരിക്കാനുള്ള കശുഅണ്ടി പരിപ്പിന്റെ അളവ് 80 കിലോയിൽ നിന്ന് 100 കിലോയാക്കിയതിൽ പ്രതിഷേധിച്ച് ഗ്രേഡിംഗ് വിഭാഗം തൊഴിലാളികൾവിവിധ ഫാക്ടറികളിൽ ആരംഭിച്ച സമരം ഇന്നലെയും തുടർന്നു. ഒരു ജോലി ഒരു ദിവസം കൊണ്ട് തീരുന്നില്ല. പല ഫാക്ടറികളിലും രാത്രിയും സമരം നടക്കുകയാണ്