കൊല്ലം: നീണ്ടകര കോസ്റ്റൽ പൊലീസും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി നടപ്പാക്കുന്ന ശുചിത്വ തീരം സുരക്ഷിത തീരം പദ്ധതിയുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി അഷ്ടമുടി കായലിന്റെ തീരത്ത് ആയിരം കണ്ടൽ തൈകൾ നട്ടു. ചവറ തെക്കുംഭാഗം കാടൻമൂല കൊച്ചുതുരുത്തിന് സമീപം മുളങ്കുറ്റികൾ കൊണ്ടുള്ള കവചമൊരുക്കിയ ശേഷമാണ് തൈകൾ നട്ടത്.
സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ കോസ്റ്റൽ സി.ഐ വൈ. മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ വി.കെ. മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് എ. യേശുദാസൻ, വാർഡ് മെമ്പർ കെ. സുരേഷ് ബാബു, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ, ഷാർജി ശർമ്മ, കെ. സുനി, കാടൻമൂല രാജേഷ്, എസ്.പി.സി നോഡൽ ഓഫീസർ വൈ. സോമരാജ്, അരുൺ അരവിന്ദ്, ബ്രിജേഷ്.എസ്.നാഥ്, ടി.എ. നജീബ് തുടങ്ങിയവർ സംസാരിച്ചു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ സ്വാഗതവും കോസ്റ്റൽ സ്റ്റേഷനിലെ എ.എസ്.ഐ ഡി. ശ്രീകുമാർ നന്ദിയും പറഞ്ഞു.