എഴുകോൺ: ഗ്രേഡിംഗ് തൊഴിലാളികളുടെ ജോലിഭാരം വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് എഴുകോൺ പരുത്തൻപാറ കാഷ്യൂ കോർപ്പറേഷൻ കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ കഞ്ഞി വെച്ച് സമരം ആരംഭിച്ചു. രണ്ട് ദിവസമായി തൊഴിലാളികൾ മുഴുവൻ സമരത്തിലായത്തിനാൽ ഫാക്ടറി പ്രവർത്തനം പൂർണമായും നിലച്ചു. തീരുമാനം പിൻവലിക്കും വരെ പണിമുടക്കാനാണ് സംയുക്ത തൊഴിലാളി യൂണിയന്റെ തീരുമാനമെന്ന് നേതാക്കൾ പറഞ്ഞു. വേലുത്തമ്പി പൗരവകാശ വേദി ചെയർമാൻ എഴുകോൺ രാജ് മോഹൻ, കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. മധുലൽ, സി.ഐ.ടി.യു നേതാവ് ഓമനക്കുട്ടൻ, എ.ഐ.ടി.യു.സി നേതാവ് പങ്കജരാജൻ, രതീഷ് കിളിത്തട്ടിൽ, വിവിധ പാർട്ടി കൺവീനർമാരായ ലീല, ബിന്ദു, സരസമ്മ, സരിത, രജി, മഞ്ചു, ഉഷ, കൃഷ്ണകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.