കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് ജില്ലയിലെ സഹകരണ സംഘങ്ങൾ ഓഹരിയായി 50 കോടി രൂപ നൽകും. ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ വൈവിധ്യവത്ക്കരണവും ഭാവി വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്യാനായി ചേർന്ന സംഘം പ്രസിഡന്റുമാരുടെയും ഭരണസമിതി
അംഗങ്ങളുടെയും, സെക്രട്ടറിമാരുടെയും ബിസിനസ് ചർച്ചയിലാണ് ഏകകണ്ഠമായി ഇത് തീരുമാനിച്ചത്. ആശുപത്രി വിപുലീകരണത്തിന്റെ ഭാഗമായി ഓപ്പൺ ഹാർട്ട് സർജറി, അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയാ വിഭാഗം, സ്ട്രോക്ക് സെന്റർ, ആധുനിക രക്തബാങ്ക്, ഓപ്പറേഷൻ തീയറ്റർ ബ്ലോക്ക്, കൂടുതൽ തീവ്രപരിചരണ യൂണിറ്റുകൾ, മെഡിക്കൽ ബിരുദധാരികൾക്ക് ഉപരിപഠനത്തിന് ഡി.എൻ.ബി കോഴ്സ് എന്നിവ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. കൂടാതെ എൻ.എച്ച് ബൈപ്പാസിനോടു ചേർന്നുള്ള എൻ.എസ് മെഡിലാന്റിൽ കാൻസർ സെന്റർ, ആയുർവേദ ആശുപത്രി ആൻഡ് റിസർച്ച് സെന്റർ, ജെറിയാട്രിക് സെന്റർ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ നടന്നു വരുകയാണ്. ഈ പ്രോജക്ടുകൾക്ക് 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ തുകയുടെ ഒരു പങ്ക് സഹകരണ സ്ഥാപനങ്ങൾ ഓഹരിയായി നൽകുവാനാണ് തീരുമാനിച്ചത്. ആദ്യഗഡുവായി ചാത്തന്നൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഒരു കോടി രൂപയും, മങ്ങാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കും നടയ്ക്കൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കും പത്തുലക്ഷം രൂപ വീതവും കൈമാറി.
ജില്ലയിലെ 100 ലധികം സഹകരണ സ്ഥാപനങ്ങൾ ഓഹരി തുക ഉടൻ കൈമാറും. ബിസിനസ് മീറ്റിൽ എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. പി.എസ്.സി മുൻ ചെയർമാനും പ്രമുഖ സഹകാരിയുമായ എം.ഗംഗാധരകുറുപ്പ് ഉദ്ഘാടനം നടത്തി. ആശുപത്രി വൈസ് പ്രസിഡന്റ് എ.മാധവൻപിള്ള സ്വാഗതവും സെക്രട്ടറി ഇൻചാർജ്ജ് പി.ഷിബു നന്ദിയും പറഞ്ഞു. വിവിധ സംഘം പ്രസിഡന്റുമാരായ തൊടിയൂർ രാമചന്ദ്രൻ, നെടുങ്ങോലം രഘു, അഡ്വ.യൂസഫ്കുഞ്ഞ്, കാരുവള്ളി ശശി, എൻ.ശ്രീസുധൻ, വി.ഗണേശൻ, എസ്.ഫത്തഹുദ്ദീൻ എൻ.എസ് സഹകരണ ആശുപത്രി ഭരണസമിതി അംഗങ്ങളായ സൂസൻകോടി, അഡ്വ.പി.കെ.ഷിബു, അഡ്വ.സബിതാബീഗം, സി.ബാൾഡുവിൻ, പ്രസന്ന രാമചന്ദ്രൻ, കെ.ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.