chirakkara
ചിറക്കര ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനായി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വിതരണശ്യംഖലയുടെ വിപുലീകരണത്തിനായി 'ദാഹനീർ ചാത്തന്നൂർ' പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കിഫ്ബിയിൽ ഉൾപ്പെടുത്തി 5.15 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2020ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ടിംഗ് എൻജിനിയർ പ്രകാശ് ഇടിക്കുള റിപ്പോർട്ട് അവതരിപ്പിച്ചു.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുസുനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി. പ്രേമപന്ദ്രനാശാൻ, സി. സുശീലാദേവി, എസ്. റീജ, എസ്.ബി. സിന്ധുമോൾ, കെ. ശ്രീലത, കെ. സുനിതാ സുഭാഷ്, സി.പി.എം പരവൂർ നോർത്ത് സെക്രട്ടറി ജെ. ജയലാൽ ഉണ്ണിത്താൻ, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ.എൻ. മോഹൻലാൽ, ഐ.യു.എം.എൽ ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം. ഇർഷാദ്, ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. അനിലകുമാരി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു സ്വാഗതവും പ്രോജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ഡി. സജീവ് നന്ദിയും പറ‌ഞ്ഞു.