പത്തനാപുരം: കാണാതായ പിറവന്തൂർ സ്വദേശിയായ ബികോം വിദ്യാർത്ഥിയെ ഉത്തരാഖണ്ഡിൽ കണ്ടെത്തി. കോളേജ് വിദ്യാർത്ഥി പിറവന്തൂർ ചീവോട് മുബാറക് മൻസിൽ നൗഫൽ നസീറിനെയും സുഹൃത്തിനെയുമാണ് നവംബർ 26 മുതൽ കാണാതായത്. നൗഫൽ ഇന്നലെ വീട്ടിൽ മടങ്ങിയെത്തി. കൂട്ടുകാരനൊപ്പം വിവിധ സ്ഥലങ്ങൾ കാണാനായി പോയതാണെന്ന് യുവാവ് പറഞ്ഞു.

ഉത്തരാഖണ്ഡിലെ എ. ടി. എമ്മിൽ നിന്നും പണം പിൻവലിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കളുടെ സഹായത്തോടെ പൊലീസ് നൗഫലിനെയും സുഹൃത്തിനെയും കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത് . .മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

സൗദിയിലുള്ള അമ്മാവൻ വാട്സ് ആപ്പിലൂടെ ബന്ധപ്പെട്ട് ഇവർക്ക് വിമാന ടിക്കറ്റ് എടുത്തു നൽകുകയായിരുന്നു. യുവാവിനെ കാണാതയതിനെ തുടർന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

വൈക്കത്ത് കൂട്ടുകാരന്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.