ചാത്തന്നൂർ:കശുവണ്ടി കോർപ്പറേഷൻ ഫാക്ടറിയിൽ സമരം ചെയ്യുകയായിരുന്ന ഐ.എൻ.ടി.യു.സി യൂണിയൻ കൺവീനർ ഷീജയെ മർദ്ദിച്ച സി.ഐ.ടി.യു നേതാവ് രാജേന്ദ്രനെ അറസ്റ്ര് ചെയ്യണമെന്ന് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസിൽ രേഖാ മൂലം പരാതി നൽകിയിട്ടും അറസ്റ്ര് വൈകുന്നത് സി.പി.എമ്മിന്റെ കല്പന നടത്തുന്നവരായി പൊലീസ് മാറിയതുകൊണ്ടാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഉണ്ണികൃഷ്ണൻ പറഞ്ഞു.
സി.ഐ.ടി.യു നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ഐ.എൻ.ടി.യു.സി ചാത്തന്നൂർ റീജിയണൽ കമ്മിറ്രി ആവശ്യപ്പെട്ടു.തൊഴിലാളിയെ മർദിച്ചു ആശുപത്രി കിടക്കയിൽ എത്തിച്ച നേതാവിനെ അറസ്റ്റ് ചെയ്തു നിയമനടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് മൈലക്കാട് സുനിൽ ആവശ്യപ്പെട്ടു.
വനിതാ ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ജീവനക്കാരനെ അറസ്റ്റ്
ചെയ്ത് നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആർ.എസ്.പി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സമരത്തിന് നേതൃത്വം കൊടുക്കുവാൻ യോഗം തീരുമാനിച്ചതായി ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്രി സെക്രട്ടറി പ്ലാക്കാട് ടിങ്കു അറിയിച്ചു.