കൊല്ലം: സംസ്ഥാനത്തൊട്ടാകെ പ്ലാസ്റ്രിക് നിരോധനം നിലവിൽ വരുമ്പോൾ ജനങ്ങൾക്ക് ബോധവത്കരണവുമായി കൊല്ലം കോർപ്പറേഷൻ. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കാനുള്ള തീരുമാനപ്രകാരം കവർ, പാത്രം, കുപ്പികൾ എന്നിവയുടെ വിതരണം, ഉൽപ്പാദനം, ഉപയോഗം എന്നിവയാണ് അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിരോധനത്തിന്റെ ആദ്യഘട്ടത്തിൽ കോർപ്പറേഷൻ പരിധിയിൽ ബോധവത്കരണത്തിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്യും. തുടർന്ന് മുഴുവൻ ജനങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്താൻ അനൗൺസ്‌മെന്റുകളും നടത്തും. നിരോധിത പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചാൽ പതിനായിരം മുതൽ അരലക്ഷം രൂപ വരെയാണ് പിഴ. ഇത്രയും വലിയ തുക ആരിൽ നിന്നും ഈടാക്കാൻ അവസരം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ബോധവത്കരണത്തിനൊപ്പം പേപ്പർ ബാഗുകളുടെയും തുണി സഞ്ചികളുടെയും പ്രൊമോഷനുകളും നടത്താനാണ് കോർപ്പറേഷൻ തീരുമാനം. അടുത്ത നടപടിയായി കുടുംബശ്രീ പ്രോജക്ടുകളിൽ ഇത്തരം ഉത്പന്നങ്ങളുടെ നിർമ്മാണം ഉൾപ്പെടുത്തും.
ആദ്യഘട്ടത്തിൽ കടകളിൽ ഉൾപ്പെടെ നിർദ്ദേശങ്ങൾ നൽകും. തുടർന്നും നിരോധിത പ്ലാസ്റ്റിക്കുകളുടെ വിൽപ്പനയോ ഉപയോഗമോ കണ്ടെത്തിയാൽ കർശനമായ നടപടികൾ ഉണ്ടാകും.
55 ഡിവിഷനുകളിലുമായി മീറ്റിംഗുകൾ സംഘടിപ്പിക്കും. വ്യാപാരി വ്യവസായി സംഘടനകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയുമായി ചർച്ചകൾ നടത്തും. കോർപ്പറേഷൻ പരിധിയിൽപ്പെട്ട വീടുകളിൽ നിന്ന് പ്ലാസ്റ്റിക്കുകൾ ശേഖരിക്കുകയും ചെയ്യും.
''സർക്കാർ ഉത്തരവ് പ്രകാരം കോർപ്പറേഷനും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി കമ്മിറ്റി രൂപീകരിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്. പുതിയ മേയർ അധികാരം ഏൽക്കുന്നതുവരെയുള്ള നടപടികൾ ക്രമമായി നടത്തിയിട്ടുണ്ട്.''
ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്.
മാലിന്യസംസ്കരണത്തിന് ജനങ്ങൾക്ക് താത്പര്യക്കുറവ്
പ്ലാസ്റ്റിക്ക് നിരോധനം ഉൾപ്പെടെ നിലവിൽ വരുന്ന സാഹചര്യത്തിൽ മാലിന്യസംസ്കരണത്തിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് നൽകുന്ന ബിന്നുകൾ വാങ്ങാൻ താൽപര്യമില്ലാതെ ജനങ്ങൾ. ഒരു ഡിവിഷനിൽ ആയിരം ബിന്നുകളാണ് നൽകുന്നത്. 1800 രൂപയാണ് ഒരു ബിന്നിന്റെ വിലയെങ്കിലും പൊതുജനങ്ങൾക്ക് വെറും 180 രൂപ മുടക്കിയാൽ ഇവ കൈപ്പറ്റാമെങ്കിലും അപേക്ഷകർ തീരെ കുറവായ അവസ്ഥയാണ്.