കൊല്ലം: ജോലിഭാരം ഏകപക്ഷീയമായി വർദ്ധിപ്പിക്കുകയും താങ്ങാനാവാത്ത ജോലി ചെയ്തുതീർക്കാൻ കഴിയാത്തതിന്റെ പേരിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കശുഅണ്ടി വികസന കോർപ്പറേഷൻ ഭരണാധികാരികളുടെ നടപടി തൊഴിലാളി ദ്രോഹവും നിയമ വിരുദ്ധവുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. കൊട്ടിയം കോർപ്പറേഷൻ ഫാക്ടറിയുടെ മുമ്പിൽ തൊഴിലാളികൾ നടത്തിയ പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താങ്ങാനാവാത്തവണ്ണം തൊഴിലാളികളുടെ ജോലി ഭാരം പുതുക്കി നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് അധികൃതർ വെളിപ്പെടുത്തണം. തൊഴിലാളി സംഘടനകളുമായയി ചർച്ച നടത്തുകയോ പുതിയ പഠനം നടത്തുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ചതും വർഷങ്ങളായി തുടരുന്നതുമായ ജോലിയുടെ അളവാണ് യാതൊരു ചർച്ചയും പഠനവും കൂടാതെ ഏകപക്ഷീയമായി കൂട്ടി നിശ്ചയിച്ചത്. പുതിയ അളവിൽ ജോലി പൂർത്തിയാക്കില്ലെങ്കിൽ ആനുകൂല്യവും ഹാജരും നൽകില്ലെന്ന തീരുമാനം അപരിഷ്‌കൃതവും തൊഴിൽ നിയമങ്ങളുടെ ലംഘനവുമാണ്. അമിതജോലി ഭാരം പിൻവലിക്കണമെന്നും വെട്ടിക്കുറച്ച ഹാജർ പുനഃസ്ഥാപിക്കണമെന്നും തൊഴിലാളികളുമായി ചർച്ച നടത്തി സമരം ഒത്തുതീർപ്പാക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.