കൊല്ലം: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിൽ കത്തിച്ച് പ്രതിഷേധിച്ചു. ചിന്നക്കട എം.എൻ സ്മാരകത്തിൽ നിന്നാരംഭിച്ച പ്രകടനം ഹെഡ്പോസ്റ്റോഫീസിനു മുന്നിലെത്തിയാണ് പൗരത്വ ഭേദഗതി ബിൽ കത്തിച്ചത്. ദേശീയ പൗരത്വ ഭേദഗതി ബില്ലിലൂടെ തയ്യാറാക്കുന്ന പൗരത്വ പട്ടിക രാജ്യത്തെ വിഭജിക്കുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി. കബീർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അനന്തു എസ്. പോച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു, വൈസ് പ്രസിഡന്റ് പ്രിജി ശശിധരൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം സന്ദീപ് അർക്കന്നൂർ, സുരാജ് എസ്. പിള്ള, ഡി.എൽ. അനുരാജ്, അമൽ ബി. നാഥ് എന്നിവർ സംസാരിച്ചു. രാഹുൽ രാധാകൃഷ്ണൻ, ജോബിൻ ജേക്കബ്, പ്രിയങ്ക ശർമ്മ, ആതിര കുന്നത്തൂർ, അനന്ദു പി. എസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.