കരുനാഗപ്പള്ളി: ശമ്പളം വർദ്ധിപ്പിക്കാതെ വർക്ക് ലോഡ് കൂട്ടിയതിനെതിരെ കശുഅണ്ടി തൊഴിലാളികൾ നടത്തുന്ന സമരം കരുനാഗപ്പള്ളിയിൽ ശക്തമായി. കശുഅണ്ടി വികസന കോർപ്പറേഷന്റെ ആദിനാട് 16-ാം നമ്പർ ഫാക്ടറിയിലെ തൊഴിലാളികൾ ഫാക്ടറിയുടെ മുന്നിൽ ഉപരോധം സൃഷ്ടിച്ചുകൊണ്ടാണ് സമരം നടത്തുന്നത്. ഒരാളെപ്പോലും ഫാക്ടറിക്കുള്ളിലേക്ക് കടക്കാൻ തൊഴിലാളികൾ അനുവദിക്കുന്നില്ല. കഴിഞ്ഞ 5 ദിവസമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഇന്നലെ നീലികുളം സദാനന്ദനും, ബിന്ദു ജയനും സമരപ്പന്തലിൽ നിരാഹാരം അനുഷ്ഠിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, റൂറൽ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് റഷീദ്കുട്ടി എന്നിവർ ഇന്നലെ സമരപ്പന്തൽ സന്ദർശിച്ചു. സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ വി. സുഗതൻ, ഹരിദാസ്, തുളസീധരൻ, സുധീഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. രാവിലെ 6 മണിക്ക് ആരംഭിക്കുന്ന സമരം വൈകിട്ട് 6 മണിയോടെയാണ് അവസാനിക്കുന്നത്.