കുണ്ടറ: തൊഴിലുറപ്പ് തൊഴിലാളിയുടെ ഒരു ദിവസത്തെ കൂലികൊണ്ടു ഒരു കിലോ ഉള്ളി വാങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) കുണ്ടറ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ നിറുത്തലാക്കാൻ ശ്രമിക്കുകയാണ്. ശത കോടിശ്വരൻമാരുടെ കടങ്ങൾ എഴുതിത്തള്ളുന്ന മോദി സർക്കാർ പട്ടിണിപാവങ്ങൾക്ക് നൂറ് ദിവസത്തെ തൊഴിൽ നൽകാൻ തയ്യാറല്ലെന്നും ചെങ്ങറ സുരേന്ദ്രൻ പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷൻ കുണ്ടറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർപേഴ്‌സൺ ജലജാ ഗോപൻ സ്വാഗതം പറഞ്ഞു. ഫെഡറേഷൻ മണ്ഡലം കമ്മിറ്റി സെക്രട്ടറി എസ്.ഡി. അഭിലാഷ്, സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ. ശിവശങ്കരപിള്ള, എൻ. കൃഷ്ണപിള്ള, ടി. സുരേഷ് കുമാർ, ടി. ജെറോം, ആർ. ഷംനാൽ, ആർ. ഓമനക്കുട്ടൻപിള്ള, കെ. ശിവശങ്കരൻ ഉണ്ണിത്താൻ, ജെ. ഷാജി, എൻ. രജനി എന്നിവർ സംസാരിച്ചു.