പടിഞ്ഞാറേ കല്ലട : കൊല്ലം - തേനി ദേശീയപാതയിലെ കടപുഴ ജംഗ്ഷനിൽ വൈകിട്ട് 4 മുതൽ രാത്രി ഒമ്പത് വരെയുള്ള സമയത്ത് മത്സ്യവ്യാപാരികൾക്ക് മീൻകച്ചവടം ചെയ്യാൻ അനുയോജ്യമായ സ്ഥലം ഏർപ്പെടുത്തണമെന്ന് നാട്ടുകാരുടെ ആവശ്യം. കടപുഴ ജംഗ്ഷനിൽ ഹൈവേയോട് ചേർന്നാണ് നിലവിൽ മീൻകച്ചവടം നടക്കുന്നത്. ഇത് വാഹന-കാൽനട യാത്രക്കാർക്ക് വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ദിനംപ്രതി ഇവിടെ വാഹനാപകടങ്ങൾ വർദ്ധിച്ചുവരുകയാണ്. സന്ധ്യാ സമയത്ത് ഇവിടെ വൻതിരക്കാണ് അനുഭവപ്പെടാറുള്ളത്.
സ്ഥലം മാറ്റണമെന്ന് നാട്ടുകാർ
കൊല്ലം - തേനി ദേശീയപാതയിലെ കടപുഴ ജംഗ്ഷനിൽ നടക്കുന്ന മീൻകച്ചവടം ദേശീയ പാതയുടെ അരികിൽ നിന്ന് കടപുഴ കാരാളിമുക്ക് റോഡിന്റെ വശങ്ങളിലേക്ക് മാറ്റിയാൽ തിരക്കും വാഹനാപകടങ്ങളും കുറയുമെന്ന് പ്രദേശവാസികൾ പറയുന്നു. ഹൈമാസ് ലൈറ്റും മീൻ ചന്തയും വന്നതോടെയാണ് വർഷങ്ങളായി നിശ്ചലമായിക്കിടന്ന കടപുഴ ജംഗ്ഷനിൽ ആളനക്കമായത്. പടിഞ്ഞാറേ കല്ലടയിലുള്ളവർക്കും വാഹന യാത്രക്കാർക്കും ഈ മീൻചന്ത വളരെ ഉപകാരപ്രദമാണ്.
ഇവിടെ വില്പന നടത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം അധികൃതർ ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
തിരക്കോട് തിരക്ക്
ഭരണിക്കാവ്, കുണ്ടറ എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഇവിടത്തെ തിരക്ക് മൂലം കാരാളിമുക്ക് റോഡിലേക്ക് തിരിയാൻ കഴിയാത്ത അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. മീൻ വാങ്ങാനെത്തുന്നവർ വാഹനം റോഡിൽ തന്നെ നിറുത്തിയിടുന്നത് മൂലം മറ്റു വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ്. കടപുഴ - കാരാളിമുക്ക് പാതാ നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശത്തും പാർശ്വഭിത്തി കെട്ടിയത് മൂലം ഏതാണ്ട് 25 മീറ്ററിലധികം വീതിയാണ് ഇപ്പോഴിവിടെയുള്ളത്.