camera
തൃക്കരുവ വന്മള -ചന്തക്കടവ് റോഡിൽ കാമറ സ്ഥാപിച്ചിരിക്കുന്നു

 പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ

അഞ്ചാലുംമൂട്: വന്മള - ചന്തക്കടവ് റോഡിൽ ഇനി മാലിന്യം ഇടുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂ. ഇനി നിങ്ങളെ നിരീക്ഷിക്കാൻ ഈ ഭാഗത്ത് രണ്ട് കാമറകൾ കൂടിയുണ്ട്. പ്രദേശത്ത് മാലിന്യനിക്ഷേപം രൂക്ഷമാകുകയും ദുർഗന്ധം മൂലം സഹികെട്ടതോടെയുമാണ് വന്മള വാർഡ് അംഗം സിദ്ദിക്ക് ലാലിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ച് കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

നാട്ടുകാർ നിരവധി തവണ പൊലീസ് നിരീക്ഷണം ആവശ്യപ്പെട്ടിട്ടും നടക്കാതെ വരികയും കാമറ സ്ഥാപിക്കുന്നതിനായി തൃക്കരുവ പഞ്ചായത്തിന് ഫണ്ട് ഇല്ലാത്തതിനാലുമാണ് മാലിന്യ നിക്ഷേപകരെ കുടുക്കാൻ നാട്ടുകാർ തന്നെ കാമറകൾ സ്ഥാപിച്ചത്. പ്രദേശവാസികളുടെ സഹായത്തോടെ ഇരുപത്തയ്യായിരം രൂപ സമാഹരിച്ചാണ് രണ്ട് കാമറകൾ സ്ഥാപിച്ചത്. കാമറകൾ സ്ഥാപിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യ നിക്ഷേപം ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി നഗരപ്രദേശങ്ങളിൽ ആരോഗ്യവകുപ്പ്, പൊലീസ് എന്നിവയുടെ പരിശോധന ശക്തമായതിനെ തുടർന്ന് നഗരാതിർത്തിയായ വന്മള ഭാഗത്ത് അറവുമാലിന്യമുൾപ്പെടെ തള്ളുന്നതായി നവംബർ 16ന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മാലിന്യനിക്ഷേപം രൂക്ഷമായതിനെ തുടർന്ന് റോഡിൽ തെരുവ്‌നായ ശല്യം രൂക്ഷമാകുകയും ഇവ ഇരുചക്രവാഹന യാത്രക്കാരെ ഉൾപ്പെടെ ആക്രമിക്കുന്നതും നിത്യസംഭവമായിരുന്നു. ഇതേതുടർന്ന് അഞ്ചാലുംമൂട് ഭാഗത്ത് നിന്ന് പ്രാക്കുളത്തേക്കുള്ള യാത്രക്കാർ എളുപ്പമാർഗമായിട്ടും ഈ വഴി ഉപേക്ഷിക്കുന്ന സാഹചര്യവും ഉണ്ടായി.

" മാലിന്യം നിക്ഷേപിക്കുന്നവരെ കുടുക്കാൻ എളുപ്പമായ മാർഗമാണ് കാമറ സ്ഥാപിക്കുകയെന്നത്. എന്നാൽ തൃക്കരുവ പഞ്ചായത്തിന് അതിനായി മതിയായ ഫണ്ട് ഇല്ലാത്തത് കാമറ സ്ഥാപിക്കുന്നതിന് തടസമായി. തുടർന്നാണ് ജനകീയ കൂട്ടായ്മയിലൂടെ തുക കണ്ടെത്തുകയും കാമറ സ്ഥാപിക്കുകയും ചെയ്തത്. മാലിന്യ നിക്ഷേപം നടത്തുന്ന ചെറിയ വഴികളിൽ പോലും കാമറ സ്ഥാപിക്കണമെന്നാണ് ആഗ്രഹം.

സിദ്ധിക്ക് ലാൽ, വന്മള വാർഡ് അംഗം, തൃക്കരുവ ഗ്രാമപഞ്ചായത്ത്

" ക്യാമറ സ്ഥാപിച്ചതിന് ശേഷം ഈ ഭാഗത്ത് മാലിന്യ നിക്ഷേപത്തിന് കുറവുണ്ടായിട്ടുണ്ട്. പൊതുനിരത്തുകളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായാൽ ഇതിന് അറുതി വരുത്താനാകും.

അജയൻ പുന്നവിള, പ്രദേശവാസി