പത്തനാപുരം: കാൻസർ രോഗത്തിന് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ഗവൺമെന്റ് നൽകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാ സഹായ വിതരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് പത്തനാപുരം പുന്നല കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. കാൻസർ ചികിത്സ വളരെയേറെ ചിലവേറിയ കാലഘട്ടത്തിൽ ചികിത്സാ കാർഡ് ഇല്ലാത്ത രോഗികളുടെ ഏക ആശ്രയമാണ് ഈ സഹായം. അപേക്ഷ സമർപ്പിച്ച് മാസങ്ങളായി ചികിത്സയ്ക്കു വേണ്ടി സഹായം കാത്തിരിക്കുന്ന നിരവധി അർബുദ രോഗികൾ കേരളത്തിലുണ്ട്. നിർദ്ധനരായ രോഗികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ചികിത്സാ സഹായ വിതരണം വേഗത്തിലാക്കണമെന്ന് ജീവനം ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ മുഖ്യമന്ത്രി, ധനമന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.