കടയ്ക്കൽ: 65 ലക്ഷം കോടിയുടെ നിക്ഷേപവും 45 ലക്ഷം കോടിയുടെ വായ്പാ പദ്ധതികളുമായി ഒരുലക്ഷം കോടി രൂപയുടെ ബിസിനസാണ് ആദ്യവർഷത്തിൽ കേരള ബാങ്ക് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചിതറ സർവീസ് സഹകരണ ബാങ്ക് 2.18 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മൂന്ന് വർഷം കൊണ്ട് മൂന്ന് ലക്ഷം കോടിയുടെ ബിസിനസ് നടത്തുന്ന വലിയ ബാങ്കായി കേരള ബാങ്കിനെ മാറ്റുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ഇതോടെ എസ്.ബി.ഐ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ബാങ്കായി കേരള ബാങ്ക് മാറും. പല തരത്തിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ദേശസാൽകൃത ബാങ്കുകളുടെ പിടിയിൽ നിന്നും ഇടപാടുകാരെ രക്ഷിക്കുകയാണ് കേരള ബാങ്കിന്റെ പ്രധാന ലക്ഷ്യം. മുല്ലക്കര രത്നാനാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, കെ. രാജഗോപാൽ കെ.ആർ. ചന്ദ്രമോഹനൻ, പി. രാജേന്ദ്രൻ, എസ്. രാജേന്ദ്രൻ, പി.ജെ. അബ്ദുൽ ഗഫാർ ,കരകുളം ബാബു, എസ്. അരുണാദേവി, പി.ആർ. പുഷ്കരൻ എന്നിവർ സംസാരിച്ചു. മുറ്റത്തെ മുല്ല പദ്ധതി ഉദ്ഘാടനം , റാങ്ക് ജേതാക്കളേയും കലോത്സവ വിജയികളേയും ആദരിക്കൽ, ഗ്രന്ഥശാല/ക്ലബ് ഗ്രാന്റ് വിതരണം എന്നിവയും നടന്നു.