കൊട്ടിയം: മൂക്ക് പൊത്താതെ കയറാനാകാത്ത അവസ്ഥയാണ് കണ്ണനല്ലൂർ മത്സ്യ മാർക്കറ്റിന്. മാസങ്ങളായി മാലിന്യം നീക്കം ചെയ്യാത്തതിനാൽ ചന്തയ്ക്ക് ചുറ്റിലും മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. വർഷങ്ങളായി അധികൃതർ നൽകിക്കൊണ്ടിരിക്കുന്ന മാർക്കറ്റ് നവീകരണമെന്ന വാഗ്ദാനം ഇതുവരെയും നടപ്പിലായിട്ടില്ല.
കണ്ണനല്ലൂർ മത്സ്യ മാർക്കറ്ര് ഹൈടെക് ആക്കുന്നതിനായി മൂന്ന് തവണ എസ്റ്റിമേറ്റ് എടുത്തുവെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇടം പദ്ധതിയിൽ ഉൾപ്പെടുത്തി മാർക്കറ്റ് നവീകരണം ഉടൻ നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞ് തുടങ്ങിയിട്ട് വർഷങ്ങൾ കടന്നുപോയതല്ലാതെ നടപടിയായില്ല. സ്ത്രീകൾ ഉൾപ്പെടെ അൻപതിൽപ്പരം തൊഴിലാളികൾ കച്ചവടം നടത്തുന്ന ഇവിടെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യമില്ല. മാർക്കറ്റ് പോയിട്ട് ശൗചാലയം നിർമ്മിക്കാൻ പോലും പഞ്ചായത്തിന് കഴിഞ്ഞില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
ലേലം ചെയ്യും..
തൃക്കോവിൽ വട്ടം ഗ്രാമപഞ്ചായത്ത് വർഷം തോറും ലേലം ചെയ്യുന്ന ചന്തയിൽ ശുചിത്വം കൃത്യമായി പാലിക്കുന്നണ്ടോയെന്ന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണ്. ചന്തയ്ക്കുള്ളിലെ നിരവധി കടകളിലെയും ഇറച്ചിക്കോഴി വില്പന കേന്ദ്രത്തിലേയും ഉൾപ്പെടെയുളള പല മാലിന്യവും കുന്നുകൂടി കിടക്കുകയാണ്.
വെറുതേയൊരു ബയോഗ്യാസ് പ്ളാന്റ്
ചന്തയ്ക്കുള്ളിൽ പ്രവർത്തിച്ചിരുന്ന ബയോഗ്യാസ് കേടുവന്നതിനാൽ ഇളക്കി മാറ്റിയ നിലയിൽ മാർക്കറ്റിനരികിൽ തുരുമ്പുപിടിച്ച നിലയിൽ കിടപ്പുണ്ട്. പുതിയ ബയോഗ്യാസ് 2016ൽ പണി തുടങ്ങിയെങ്കിലും ഇപ്പോഴും പൂർത്തീകരിക്കാതെ കാടുമൂടി കിടക്കുകയാണ്. ശുചിത്വ മിഷന്റെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പ്ളാന്റ് പ്രവർത്തന സജ്ജമാക്കാൻ അധികൃതർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
കാടും അഴുക്കുചാലുകളും നിറഞ്ഞതായി കണ്ണനല്ലൂർ മാർക്കറ്റ് മാറി. വൃത്തിയോടും വെടിപ്പോടും മാർക്കറ്റ് സൂക്ഷിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല. ശുചിത്വമില്ലായ്മ മൂലം രോഗങ്ങൾ പടർന്ന് പിടിക്കുകയാണ്. ആരോഗ്യ പ്രവർത്തകരും ശ്രദ്ധിക്കുന്നില്ല.
ആർ. മോഹനൻ, പ്രസിഡന്റ്, കണ്ണനല്ലൂർ ധർമ്മശാസ്താ ക്ഷേത്രം
വികസനമില്ലാതെ വീർപ്പുമുട്ടുകയാണ് കണ്ണനല്ലൂർ മാർക്കറ്റ്. ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. പ്രധാന റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന മാർക്കറ്റിൽ ദുർഗന്ധം വമിക്കുകയാണ്. ഇതിന് അടിയന്തിര പരിഹാരമുണ്ടാകണം.
സന്തോഷ് ഗുരു ജ്യോതി, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 3777-ാം നമ്പർ ശാഖ