കൊല്ലം: കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് ഇന്ന് ചേരും. കൊല്ലം, അഞ്ചാലുമൂട് മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ളവരുടെ പാനൽ ജില്ലാ എക്സിക്യൂട്ടീവിൽ ചർച്ച ചെയ്ത് സംസ്ഥാന എക്സിക്യൂട്ടീവിന്റെ അനുമതിയോടെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
മുൻ കാലങ്ങളിൽ മേയറെ നിശ്ചയിച്ചിരുന്നത് പാർട്ടി ജില്ലാ എക്സിക്യൂട്ടീവിലായിരുന്നു. എന്നാൽ ഇക്കുറി സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും അതിനായി മേയറാക്കാൻ സാദ്ധ്യതയുള്ളവരുടെ പാനൽ സംസ്ഥാന കമ്മിറ്റിക്ക് അയച്ചുകൊടുക്കണമെന്നുമുള്ള നിർദ്ദേശം നേരത്തെ ജില്ലാ എക്സിക്യൂട്ടീവിൽ രൂക്ഷമായ വിമർശനങ്ങൾക്കും ഭിന്നതയ്ക്കും ഇടയാക്കിയിരുന്നു. യോഗത്തിൽ പങ്കെടുത്ത 17 പേരിൽ അഞ്ച് പേരൊഴികെ മറ്റെല്ലാവരും മേയറെ ജില്ലാ എക്സിക്യൂട്ടീവിൽ തന്നെ തീരുമാനിക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു. തൃശൂർ കോർപ്പറേഷനിലും ഈ രീതിയാണ് അവലംബിച്ചതെന്നും സദുദ്ദേശത്തോടെയുള്ളതല്ല ഈ നീക്കമെന്നും ഭൂരിപക്ഷം പേരും ചൂണ്ടിക്കാട്ടിയിരുന്നു.
വനിതക്ക് സാധ്യതയില്ല
എൻ. മോഹനൻ, മുൻമേയർ ഹണി, ജെ. സൈജു എന്നിവരാകും മേയർ പാനലിലുണ്ടാകുകയെങ്കിലും വനിതയെ പരിഗണിക്കാൻ സാദ്ധ്യതയില്ല. അതിനാൽ മോഹനൻ, സൈജു എന്നിവരിൽ ഒരാളാകും മേയറാകാൻ സാദ്ധ്യത. തിങ്കളാഴ്ച രാവിലെ 11ന് കൗൺസിൽ ഹാളിൽ ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ ബി. അബ്ദുൽ നാസറിന്റെ സാന്നിദ്ധ്യത്തിലാണ് മേയർ തിരഞ്ഞെടുപ്പ്. കൗൺസിലിൽ എൽ.ഡി.എഫിന് മൃഗീയ ഭൂരിപക്ഷം ഉണ്ടെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്തുമെന്നതിനാൽ മത്സരം ഉണ്ടാകും. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എ.കെ. ഹഫീസ് ആകും യു.ഡി.എഫ് സ്ഥാനാർത്ഥി.