photo
തേവർകാവ് ശ്രീ വിദ്യാധിരാജ ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ നഗരസഭ ഒന്നാം ഡിവിഷനിൽ സർവേ നടത്തൽ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലെ ഒന്നാം ഡിവിഷനെ തേവർകാവ് ശ്രീ വിദ്യാധിരാജാ ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ദത്തെടുക്കുന്നു. ഗ്രാമപ്രദേശത്തിന്റെ മൊത്തത്തിലുള്ള വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതിക്കാണ് എൻ.എസ്.എസ് യൂണിറ്റ് തുടക്കമിടുന്നത്. നിർദ്ധനരായവരെ കണ്ടെത്തി വീട് നിർമ്മിച്ച് നൽകുക, ഡിവിഷൻ പരിധിയിൽ ശുചീകരണം നടത്തുക, ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുക, മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയ നിരവധി പദ്ധതികളുമായാണ് എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തന രംഗത്തേക്ക് കടന്ന് വരുന്നത്. കരുനാഗപ്പള്ളി നഗരസഭയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗ്രാമ പ്രദേശമാണിത്. കായൽ തീരത്തിന് സമാന്തരമായി കിടക്കുന്ന ഭൂപ്രദേശത്ത് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളുണ്ട്. 420 കുടുംബങ്ങളാണ് ഡിവിഷൻ പരിധിയിൽ വരുന്നതെന്ന് കൗൺസിലർ പി. ശിവരാജൻ പറഞ്ഞു. എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഡിവിഷൻ കൗൺസിലർ പൂർണ പിന്തുണ നൽകുന്നുണ്ട്. പ്രവർത്തനത്തിന്റെ ആദ്യപടിയായി കഴിഞ്ഞ ദിവസം ആലുംകടവ് പ്രദേശത്തെത്തിയ വിദ്യാർത്ഥികൾ വീടുകയറിയുള്ള സർവേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഒരു മാസം കൊണ്ട് സർവേ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.