photo
തഴവാ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ യൂണിറ്റ് ഉൽപ്പാദിപ്പിച്ച കുത്തരിയുടെ വിപണനോദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: തഴവ ഗ്രാമ പഞ്ചായത്തിലെ 11-ാം വാർഡ് കുടുംബശ്രീ യൂണിറ്റ് നെൽക്കൃഷിയിൽ വിജയഗാഥ രചിക്കുന്നു. കുടുംബ ശ്രീ യൂണിറ്റ് അംഗങ്ങൾ 10 ഏക്കർ സ്ഥലത്ത് കൃഷിചെയ്ത നെല്ല് പുഴുങ്ങി കുത്തരിയാക്കി തുണി സഞ്ചിയിൽ പാക്ക് ചെയ്താണ് വിപണിയിലെത്തിക്കുന്നത്. 2 കിലോഗ്രാമിന്റെയും 5 കിലോഗ്രാമിന്റെയും പായ്ക്കറ്റുകളാണ് വിപണിയിൽ എത്തിച്ചത്. ഒരു കിലോഗ്രാം അരിക്ക് 25 രൂപയാണ് വില. പ്രളയ ദുരന്തം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ തവണത്തെ കൃഷിക്ക് നാശം സംഭവിച്ചിരുന്നു. എന്നിട്ട് പോലും 10ഏക്കറിൽ നിന്നും 300 കിലോഗ്രാം അരി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞതായി ഗ്രാമ പഞ്ചായത്ത് മെമ്പർ പാവുമ്പ സുനിൽ പറഞ്ഞു. നിലം വൃത്തിയാക്കിയതും വിത്ത് വിതച്ചതും, കളപറിച്ചതും, വളം ഇട്ടതും, കൊയ്തതും, നെല്ല് പുഴുങ്ങി കുത്തി അരിയാക്കിയതും എല്ലാം കുടുബശ്രീ യൂണിറ്റിലെ അംഗങ്ങളായിരുന്നു. ഗ്രാമ പഞ്ചായത്തിന് സമീപം സംഘടിപ്പിച്ച കുത്തരി വിപണനത്തിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വിഷരഹിതമായ ഭക്ഷ്യോല്പാദനത്തിന് ഈ സർക്കാർ കലവറയില്ലാത്ത പിന്തുണയാണ് നല്‍കുന്നതെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കവിതാമാധവൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. കൃഷ്ണകുമാർ, കുടുംബശ്രീ ചെയർപേഴ്‌സൺ, ഭാനുമതി, കെ.പി. രാജൻ, എം.കെ. ചിത്രഭാനു, കടമ്പാട്ട് ഗോപാലകൃഷ്ണൻ, രാധാകൃഷ്ണപിള്ള, വർഗീസ്, സി.ഡി.എസ് മെമ്പർ രമ്യ കൃഷ്ണൻ, എ.ഡി.എസ് സെക്രട്ടറി ലിജി എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പാവുമ്പ സുനിൽ പദ്ധതി വിശദീകരിച്ചു. എ.ഡി.എസ് വൈസ് പ്രസിഡന്റ് ശിശിര റാണി സ്വാഗതവും പ്രസിഡന്റ് ശ്രീവിദ്യ നന്ദിയും പറഞ്ഞു. പ്ലാസ്റ്റിക്കിനെതിരെ കുടുംബശ്രീ പ്രവർത്തകർ 15000 ത്തോളം തുണിസഞ്ചികൾ തുന്നി ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിച്ചു.