ദേശീയപാത അതോറിറ്റിയും പഞ്ചായത്തും തമ്മിൽ ശീതയുദ്ധം
കൊല്ലം: കൊട്ടിയം ജംഗ്ഷൻ മുതൽ ഇണ്ടക്ക് മുക്ക് വരെ ആദിച്ചനല്ലൂർ പഞ്ചായത്ത് റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകൾ ഉടനെങ്ങും തെളിയില്ല. തങ്ങളുടെ അനുമതി വാങ്ങാത സ്ഥാപിച്ച തെരുവ് വിളക്കുകൾ നീക്കം ചെയ്യണമെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി അധികൃതർ.
നാല് മാസം മുമ്പാണ് സ്വകാര്യ ഏജൻസിക്ക് ദേശീയപാതയുടെ ഇരുവശവും തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ ആദിച്ചനല്ലൂർ പഞ്ചായത്ത് അനുമതി നൽകിയത്. പഞ്ചായത്തിന് നയാപൈസ ചെലവില്ലാത്തതാണ് പദ്ധതി. തെരുവ് വിളക്കുകളുടെ തൂണുകളിൽ പരസ്യം സ്ഥാപിച്ച് സ്വകാര്യ ഏജൻസി വരുമാനം കണ്ടെത്തും. ഈ തുക ഉപയോഗിച്ച് വൈദ്യുതി ബില്ല് അടയ്ക്കുന്നതിനൊപ്പം തെരുവ് വിളക്കുകൾ സ്ഥാപിച്ചതിന് ചെലവായ തുകയും ഈടാക്കുമെന്നായിരുന്നു വ്യവസ്ഥ. ആകർഷകമായ വാഗ്ദാനവുമായി സ്വകാര്യ ഏജൻസി എത്തിയപ്പോൾ മറ്റൊന്നും നോക്കാതെ പഞ്ചായത്ത് ഭരണസമിതി അനുവാദം നൽകി.
നാല് മാസം മുമ്പ് തെരുവ് വിളക്കുകൾ സ്ഥാപിച്ചതിന് പിന്നാലെ എല്ലാം എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി നോട്ടീസ് നൽകുകയായിരുന്നു. ദേശീയപാത വികസനത്തിനായുള്ള സ്ഥലമേറ്റേെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനാൽ തൽക്കാലം റോഡ് വക്കിൽ മരാമത്ത് പണികൾ അനുവദിക്കാനാവില്ലെന്നാണ് ദേശീപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ വാദം.
അദിച്ചനല്ലൂർ പഞ്ചായത്തിന് ഉണ്ടായ കയ്പേറിയ ഈ അനുഭവമാണ് കൊല്ലം ഭാഗത്തേക്ക് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിൽ നിന്ന് മയ്യനാട്, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ പിന്നോട്ട് പോകാൻ കാരണം. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ റോഡ് വക്കിലെ കടകൾ അടയ്ക്കുന്നതോടെ ദേശീയപാതയോരമാകെ ഇരുട്ടിലാകും. വെളിച്ചമില്ലാത്തതിനാൽ സ്ത്രീകളടക്കമുള്ള കാൽനടയാത്രക്കാർ ഏറെ ഭയന്നാണ് ഇതുവഴി സഞ്ചരിക്കുന്നത്.
'' എത്രയും വേഗം പ്രശ്നം പരിഹരിച്ച് തെരുവ് വിളക്കുകൾ തെളിയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള ഇടപെടൽ പഞ്ചായത്ത് നടത്തിവരികയാണ്.''
ബിജു പി. നായർ (ആദിച്ചനല്ലൂർ പഞ്ചായത്ത് സെക്രട്ടറി)