f
സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവിൽ കാനം, ഇസ്മയിൽ ചേരിപ്പോര്

 തീരുമാനം സംസ്ഥാന സെന്ററിന് വിട്ടു

കൊല്ലം: കൊല്ലം നഗരസഭയിലെ എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ചേർന്ന സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് യോഗം രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അന്തിമ തീരുമാനം സംസ്ഥാന സെന്ററിന് വിട്ടു. എക്സിക്യുട്ടീവിലെ ഇസ്മയിൽ പക്ഷക്കാർ കടപ്പാക്കട കൗൺസിലർ എൻ. മോഹനനെ നിർദ്ദേശിച്ചപ്പോൾ കാനം പക്ഷം ജില്ലാ കൗൺസിൽ അംഗം ഹണി ബഞ്ചമിന് വേണ്ടി ഉറച്ചുനിൽക്കുകയായിരുന്നു.

മേയർ സ്ഥാനാർത്ഥിയെ നിർദ്ദേശിക്കാൻ ശനിയാഴ്ച ചേർന്ന സി.പി.ഐ അഞ്ചാലുംമൂട്, സിറ്റി മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ ഏറ്റവും കൂടുതൽ പേർ നിർദ്ദേശിച്ചത് ഹണി ബഞ്ചമിനെയായിരുന്നു. എന്നാൽ ഇസ്മയിൽ പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ജില്ലാ എക്സിക്യുട്ടീവ് യോഗം ഇന്നലെ ചേർന്നപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. 21 അംഗ എക്സിക്യുട്ടീവിൽ 19 പേരാണ് ഇന്നലെ യോഗത്തിനെത്തിയത്. ഇതിൽ 15 പേർ കടപ്പാക്കട കൗൺസിലർ എൻ. മോഹനന്റെ പേര് നിർദ്ദേശിച്ചു.

ചർച്ച വാക് പോരിലേക്ക് കടന്നപ്പോൾ സംസ്ഥാന കൗൺസിൽ അംഗം ആർ. രാമചന്ദ്രൻ എം.എൽ.എ ഇടപെട്ടു. നിർണായ തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയിൽ സ്ഥിരമായി ഉണ്ടാകുന്ന ചേരിതിരിവ് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും തീരുമാനം സംസ്ഥാന സെന്ററിന് വിടണമെന്നും നിർദ്ദേശിച്ചു. ഇതോടെ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ആർ. രാമചന്ദ്രന്റെ വാക്കുകൾ ശരിവച്ച് തീരുമാനം സംസ്ഥാന സെന്ററിന് വിടാമെന്ന് പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ.ആർ. ചന്ദ്രമോഹന്റെയും ജെ. ചിഞ്ചുറാണിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു യോഗം

 ഇസ്മയിൽ പക്ഷം

സംവരണം ഇല്ലാത്ത ഘട്ടത്തിൽ പുരുഷനെ തന്നെ മേയറാക്കണമെന്നായിരുന്നു ഇസ്മയിൽ പക്ഷത്തിന്റെ വാദം. എൻ. മോഹനൻ നിലവിൽ ലോക്കൽ കമ്മിറ്റി അംഗം മാത്രമാണെങ്കിലും പൊലീസിൽ ജോലി ലഭിക്കുന്നതിന് മുൻപ് എ.ഐ.വൈ.എഫിന്റെ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിച്ചയാളാണ്. ജോലി മാത്രമായി ഒതുങ്ങിക്കൂടാതെ പൊലീസിലെ സി.പി.ഐ ഫ്രാക്ഷനിൽ സജീവമായി പ്രവർത്തിച്ചു. പിന്നാക്ക വിഭാഗക്കാരനെ മേയർ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതും പാർട്ടിക്ക് ഗുണം ചെയ്യും.

 കാനം പക്ഷം

അർഹതപ്പെട്ട സ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ മാറ്റിനിർത്തുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു കാനം പക്ഷക്കാരുടെ പ്രധാന വാദം. പല തദ്ദേശ സ്ഥാപനങ്ങളിലും ഒരേസമയം അദ്ധ്യക്ഷ സ്ഥാനവും സഹ അദ്ധ്യക്ഷ സ്ഥാനവും സ്ത്രീകൾ നന്നായി വഹിച്ചിട്ടുണ്ട്. നിലവിലെ കൗൺസിലർമാരിൽ ഏറ്റവും ഉയർന്ന ഘടകത്തിൽ പ്രവർത്തിക്കുന്നത് ഹണിയാണ്. നേരത്തെ ചുരുങ്ങിയ കാലയളവിൽ മേയർ സ്ഥാനം ലഭിച്ചപ്പോൾ ഭംഗിയായി പ്രവർത്തിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കണം

 സെന്റർ ചേരാൻ

ശൂരനാട്ടേക്ക് പാഞ്ഞു

വി. ശശി സ്മാരകം ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സെക്രട്ടറി കാനം ഇന്നലെ ശൂരനാട് എത്തിയിരുന്നു. സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബുവും ഒപ്പമുണ്ടായിരുന്നു. ജില്ലാ എക്സിക്യുട്ടീവ് അവസാനിച്ച ശേഷം സംസ്ഥാന സെന്റർ ചേരാൻ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ.ആർ. ചന്ദ്രമോഹൻ, ജെ. ചിഞ്ചുറാണി എന്നിവർ ശൂരനാട്ടേക്ക് ഒരുമിച്ച് യാത്ര തിരിച്ചു.

 മേയർ തിരഞ്ഞെടുപ്പ് ഇന്ന്

ഇന്നലെ രാവിലെ 11ന് കൗൺസിൽ ഹാളിൽ മേയർ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പിന് മുൻപ് ചേരുന്ന സി.പി.ഐ പാർലമെന്ററി പാർട്ടി യോഗത്തിൽ മേയറെ സംബന്ധിച്ച സംസ്ഥാന സെന്റർ തീരുമാനം അവതരിപ്പിക്കും. പിന്നീട് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിലും അവതരിപ്പിച്ചശേഷം വിപ്പ് നൽകും. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എ.കെ. ഹഫീസ് എതിർ സ്ഥാനാർത്ഥിയായി മത്സരിക്കുമെങ്കിലും എൽ.ഡി.എഫിന് വലിയ ഭൂരിപക്ഷമുള്ളതിനാൽ വിജയിക്കില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സത്യപ്രതിജ്ഞ നടക്കും.