കൊല്ലം: കാവ്യാത്മകമായ രൂപകങ്ങളിലൂടെ തന്റെ സാഹിത്യദർശനങ്ങളെ സൗന്ദര്യാനുഭവമാക്കിത്തീർത്ത നവീന സർഗ്ഗാത്മക വിമർശകനായിരുന്നു കെ.പി.അപ്പൻ എന്ന് ഡോ.സുനിൽ പി.ഇളയിടം പറഞ്ഞു.
നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.പി.അപ്പൻ 11-ാം ചരമവാർഷിക ദിനാചരണ സ്മൃതിസംഗമത്തിൽ 'സാഹിത്യത്തിലെ നീതി ദർശനം' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യത്തിന്റെ ഔപചാരികവും പരമ്പരാഗതവുമായ വീക്ഷണത്തോട് ഏറ്റുമുട്ടിയ കെ.പി.അപ്പൻ നിശിതമായ വിമർശനബോധ്യത്തോടെയാണ് ഈ സർഗ്ഗാത്മക കലാപം സൃഷ്ടിച്ചത്. തന്റെ കാലത്തെ ഏറ്റവും വലിയ ശക്തിഗോപുരങ്ങളെയാണ് അദ്ദേഹം കടന്നാക്രമിച്ചത്. ഔപചാരികമായ അംഗീകാരം നേടിയ സ്ഥാനങ്ങളെയും സ്ഥാനപതികളെയുമാണ് അദ്ദേഹം നേരിട്ടത്. വായനയുടേയും നവീനമായ വിമർശനദർശനങ്ങളുടേയും നിശിതപൂർണ്ണമായ ബോദ്ധ്യമാണ് ഇതിന് അദ്ദേഹത്തിന് കരുത്തേകിയത്. മാരാർ, മുണ്ടശ്ശേരി, എം.പി.പോൾ തുടങ്ങിയ അക്കാലത്തെ നിരൂപക കേന്ദ്രങ്ങളെ മറികടന്ന് ഒരു കാലഘട്ടത്തിന്റെ നവീനമായ സാഹിത്യബോധത്തിന്റേയും വിചാരത്തിന്റേയും കേന്ദ്രമായി അദ്ദേഹം ഉയർന്നു.
കുറ്റിപ്പുഴയുടെ ക്ഷോഭിക്കുന്ന കണ്ണുകൾ, പ്രസംഗവേദിയിൽ ഗോഥിക് ഗോപുരംപോലെ നിൽക്കുന്ന മുണ്ടശ്ശേരി, ദൈവത്തിന്റെ മൂത്തസഹോദരനായ മുനികേസരി ബാലകൃഷ്ണപിള്ള, തുടങ്ങിയ നവീനമായ അപ്പൻ പ്രയോഗങ്ങൾ മാറുന്ന മലയാള വിമർശനത്തിന്റെ നാന്ദിപ്രഖ്യാനങ്ങളായിരുന്നുവെന്ന് ഡോ.സുനിൽ പി. ഇളയിടം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് ബേബിഭാസ്ക്കർ അദ്ധ്യക്ഷ വഹിച്ചു. പ്രൊഫ.കെ.ജയരാജൻ, ഡോ.എസ്.ശ്രീനിവാസൻ, ഗ്രന്ഥശാല സെക്രട്ടറി എസ്.നാസർ, വി.ബിജു എന്നിവർ പ്രസംഗിച്ചു. ദിനാചരണഭാഗമായി അപ്പൻകൃതികളുടെ പ്രദർശനം, ഗ്രന്ഥശാലാ മുറ്റത്തെ കൽവിളക്കിൽ ഗ്രാമദീപം തെളിക്കൽ തുടങ്ങിയവ നടന്നു. ചടങ്ങിൽ കെ.പി.അപ്പന്റെ പത്നി പ്രൊഫ.ഓമന, മകൻ ശ്രീജിത്ത്, അനുജൻ കെ.പി.സി.ദാസ്, ശിഷ്യർ, സഹപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.