എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നത് നിറുത്തിവച്ചു
വ്യവസ്ഥകളെ ചൊല്ലി കമ്പനിയും നഗരസഭയും തമ്മിൽ തർക്കം
കൊല്ലം: നഗരത്തിലെ എല്ലാ തെരുവ് വിളക്കുകളും എൽ.ഇ.ഡിയാക്കുന്നതിനൊപ്പം ആവശ്യത്തിന് അനുസരിച്ച് പ്രകാശം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതി പ്രതിസന്ധിയിൽ. കെ.എസ്.ഇ.ബി മയ്യനാട് സെക്ഷന്റെ പരിധിയിൽ വരുന്ന മൂന്ന് ഡിവിഷനുകളിൽ എൽ.ഇ.ഡി സ്ഥാപിക്കുന്നതിനിടെ കരാറിലെ വ്യവസ്ഥകളെ ചൊല്ലി കമ്പനിയും നഗരസഭയും തമ്മിൽ തർക്കം രൂപപ്പെട്ടതോടെ പുതിയ ലൈറ്റുകൾ സ്ഥാപിക്കുന്നത് നിറുത്തിവച്ചിരിക്കുകയാണ്.
പദ്ധതിയുടെ കരാർ ഇപ്രകാരം
മുംബൈ ആസ്ഥാനമായുള്ള ഇ - സ്മാർട്ട് സൊലൂഷൻസാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിൽ നിലവിലുള്ള എല്ലാ സോഡിയം വേപ്പർ ലാമ്പുകളും ട്യൂബ് ലൈറ്റുകളും മാറ്റി കമ്പനി സ്വന്തം ചെലവിൽ 23,700 പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും. കേടാവുന്ന തെരുവ് വിളക്കുകൾ 48 മണിക്കൂറിനുള്ളിൽ നന്നാക്കിയില്ലെങ്കിൽ കമ്പനി നിശ്ചിത തുക നഗരസഭയ്ക്ക് പിഴ നൽകണം. തെരുവ് വിളക്കുകളുടെ ഇപ്പോഴത്തെ വൈദ്യുതി ബില്ലായ 31.05 ലക്ഷവും അറ്റകുറ്രപ്പണിക്കായി ചെലവാകുന്ന 5 ലക്ഷവും നഗരസഭ പ്രതിമാസം കമ്പനിക്ക് നൽകും. ഇതിൽ നിന്ന് വൈദ്യുതി ചാർജിലെ ലാഭത്തിന്റെ പത്ത് ശതമാനം നഗരസഭയ്ക്ക് തിരിച്ചു നൽകും. എന്നിങ്ങനെയാണ് പദ്ധതിയുടെ കരാർ.
തർക്കം
കരാർ പ്രകാരമുള്ള പണം നൽകുന്നതിൽ നഗരസഭ വീഴ്ച വരുത്തിയാൽ കമ്പനിക്ക് ഈടാക്കാൻ ബാങ്ക് ഗ്യാരന്റി നൽകൽ കരാറിലുണ്ട്. പക്ഷേ കമ്പനി പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ നഗരസഭയ്ക്ക് പണം ഈടാക്കാൻ ബാങ്ക് ഗ്യാരന്റിയില്ല. നഗരസഭയ്ക്ക് ബാങ്ക് ഗ്യാരന്റി നൽകാതെ തിരിച്ചും നൽകില്ലെന്ന നിലപാടിലാണ് സെക്രട്ടറി.
23,700 പുതിയ എൽ.ഇ.ഡി സ്ഥാപിക്കാനായിരുന്നു കരാർ. പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിൽ ലൈറ്റുകൾ സ്ഥാപിക്കാൻ കഴിയുന്ന ഇത്രയധികം സ്ട്രീറ്റ് മെയിനുകൾ ഇല്ലെന്ന് കണ്ടെത്തി. പക്ഷെ കരാർ പ്രകാരം വൈദ്യുതി ബില്ലായ 31.05 ലക്ഷവും അറ്റകുറ്രപ്പണിക്ക് 5 ലക്ഷവും പ്രതിമാസം നൽകണമെന്ന നിലപാടിലാണ് കമ്പനി. നഗരസഭ പുതുതായി സ്ഥാപിക്കുന്ന ലൈറ്റുകളുടെ വൈദ്യുതി ചാർജ്ജ് നഗരസഭ അടയ്ക്കണമെന്ന കമ്പനിയുടെ വാദവും അംഗീകരിച്ചിട്ടില്ല.
"കരാറിൽ ചില അവ്യക്തതകളുണ്ട്. പുതിയ മേയർ സ്ഥാനമേറ്റ ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി മുന്നോട്ട് പോകും."
അനുജ (നഗരസഭ സെക്രട്ടറി)