aa
അലിമുക്ക് അച്ചൻകോവിൽ പാതയുടെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചുപോകാനുള്ള ശ്രമം നാട്ടുകാർ തടയുന്നു.

പത്തനാപുരം: അലിമുക്ക് അച്ചൻകോവിൽ പാതയിൽ റോഡ് നിർമ്മാണം പാതിവഴിയിലായി. നിർമ്മാണമുപേക്ഷിച്ച് യന്ത്രസാമഗ്രികളുമായി കടന്നു കളയാനുള്ള കരാറുകാരന്റെ ശ്രമം പിറവന്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. പത്തനാപുരം പുനലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട അലിമുക്ക് അച്ചൻകോവിൽ പാതയിൽ ഓലപ്പാറ മുതൽ അച്ചൻകോവിൽ വരെയുള്ള പതിനേഴ് കിലോമീറ്റർ റോഡിന്റെ നിർമ്മാണമാണ് പാതി വഴിയിൽ നിറുത്തിവച്ചത്. തീർത്ഥാടന കാലമായതിനാൽ ഇതരസംസ്ഥാന തീർത്ഥാടകരടക്കമുള്ളവർ ആശ്രയിക്കുന്ന പാതയാണിത്. അച്ചൻകോവിൽ ക്ഷേത്രത്തിൽ ഇന്ന് മുതൽ മണ്ഡല മഹോത്സവം ആരംഭിക്കാനിരിക്കെയാണ് കരാറുകാരൻ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചത്. പതിമൂന്ന് കോടി രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. മെറ്റൽ നിരത്തിയതിനാൽ പാതയിലൂടെയുള്ള ഗതാഗതം ദുഷ്‌കരമാണ്. നിലവിലുണ്ടായിരുന്ന ബസ് സർവീസും നിലച്ച അവസ്ഥയാണ്.