കൊല്ലം: നീർച്ചാലുകളുടെ വീണ്ടെടുപ്പിനായി ഹരിതകേരള മിഷന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഇനി ഞാൻ ഒഴുകട്ടെ ജനകീയ ക്യാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം നെടുമ്പന പഴങ്ങാലം തോടിന്റെ ശുചീകരണം നിർവഹിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു.
ജനപങ്കാളിത്തമാണ് ജലസ്രോതസുകളുടെ പുനരുജ്ജീവിപ്പിക്കലിന് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. ജലസുരക്ഷയിലൂടെ മാത്രമേ ശുദ്ധമായ വായുവും ഭൂമിയും ഉറപ്പാക്കാനാകൂ. ആറു ദിവസത്തിനകം 73 പഞ്ചായത്തുകളിലേയും നീരുറവകൾ ശുദ്ധീകരിക്കണം. ജലം മലിനമാക്കില്ലെന്ന കൂട്ടായ തീരുമാനമെടുത്ത് ജലസുരക്ഷാ പ്രവർത്തനങ്ങളുമായി ഓരോരുത്തരും പങ്കുചേരണമെന്ന് മന്ത്രി അഭ്യർഥിച്ചു.
പഴങ്ങാലം ഒന്നാം വാർഡ് മുതൽ പന്ത്രണ്ടാം വാർഡുവരെ 11 കിലോമീറ്റർ നീളുന്ന കുളപ്പാടംചിലവൂർക്കോണംപള്ളിമൺ ഏലാ തോടിന്റെ ശുദ്ധീകരണത്തോടെയാണ് ജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്കമായത്. പഞ്ചായത്തിലെ സ്ഥാപനങ്ങൾ, വ്യക്തികൾ, ജനപ്രതിനിധികൾ, സംഘടനകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കാളികളാവുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദ്ദീൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എൽ. അനിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ജില്ലാ പഞ്ചായത്തിൽ നിന്നുള്ള ജനപ്രതിനിധികളായ നിഷാ സാജൻ, ടി.എൻ. മൻസൂർ, സി. സന്തോഷ്കുമാർ, മറ്റ് ജനപ്രതിനിധികളായ ഷീല മനോഹരൻ, എം. വേണുഗോപാൽ, സജീവ് കുളപ്പാടം, തോമസ് കോശി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ്, ഹരിതകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ എസ്. ഐസക്, പഞ്ചായത്ത് സെക്രട്ടറി ഹാരിസ് മുഹമദ് കോയ തുടങ്ങിയവർ പങ്കെടുത്തു.