ഇഴജന്തുക്കളെ പേടിച്ച് കാൽനടയാത്രക്കാർ
കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമ പഞ്ചായത്തിനെ കരുനാഗപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന കല്ലുംമൂട്ടിൽക്കടവ് പാലത്തിന്റ അപ്രോച്ച് റോഡിന്റെ ഇരു വശങ്ങളിൽ വളർന്ന് നിൽക്കുന്ന പുൽക്കാടുകൾ കാൽനട യാത്രക്കാർക്ക് വിനയാകുന്നു. റോഡിന്റെ വശങ്ങളിൽ വളർന്ന് നിൽക്കുന്ന പുൽക്കാടുകൾ ഇഴ ജന്തുക്കളുടെ ആവാസ കേന്ദ്രമാണ്. റോഡിനോട് ചേർന്നുള്ള സ്ഥലങ്ങളിലെ പുല്ലുകൾ ചെത്തി മാറ്റിയെങ്കിലും താഴേക്കുള്ള ഭാഗത്ത് പുല്ലുകൾ ക്രമാതീതാമായി വളർന്ന് നിൽക്കുകയാണ്. ഇവിടെയാണ് ഉഗ്ര വിഷമുള്ള ഉരഗങ്ങളുടെ വാസ കേന്ദ്രം. രാത്രിയിൽ ഈ റോഡിലൂടെ യാത്ര ചെയ്യാൻ ഭയമാണെന്ന് നാട്ടുകാർ പറയുന്നു. അപ്രോച്ച് റോഡിന്റെ പടിഞ്ഞാറ് ഭാഗം ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിന്റെയും കിഴക്ക് ഭാഗം കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടേയും പരിധിയിലാണ്.
പാലത്തിന് അടിവശവും റോഡിന്റെ ഇരുവശങ്ങളിലുമുള്ള പുൽക്കാടുകൾ പൂർണമായും ചെത്തി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യംയ.
ഇഴജന്തുക്കൾ വ്യാപകം
പാലത്തിലൂടെ രാത്രിയിൽ ഇഴ ജന്തുക്കൾ സഞ്ചരിക്കുന്നത് പതിവ് കാഴ്ചയാണ്. ദക്ഷിണ കേരളത്തിലെ പ്രശസ്തമായ ചെറിയഴീക്കൽ കാശി വിശ്വനാഥ ക്ഷേത്രം പാലത്തിന് പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. സന്ധ്യാ നേരം ദീപാരാധന കണ്ട് ദർശനം നടത്താനായി നിരവധി ഭക്തർ പാലം വഴിയാണ് ക്ഷേത്രത്തിലേക്ക് പോകുന്നത്. വിഷമുള്ള ഇഴ ജന്തുക്കളെ ഭയന്ന് രാത്രിയിൽ നാട്ടുകാർ ക്ഷേത്രത്തിലേക്ക് പോകുന്നത് വളരെ കുറവാണ്.
കാൽനടയാത്രക്കാർ ഭീതിയിൽ
പുല്ല് ചെത്തുന്ന മെഷീൻ ഉപയോഗിച്ചാൽ വേഗത്തിൽ പുൽക്കാടുകൾ ചെത്തി മാറ്റാൻ കഴിയും. റോഡിന്റെ താഴേക്കുള്ള അടിക്കാടുകൾ ചെത്തിമാറ്റാതെ റോഡിനോട് ചേർന്ന് കിടക്കുന്ന ഭാഗത്തെ പുല്ലുകൾ മാത്രമാണ് നിലവിൽ ചെത്തി മാറ്റിയിട്ടുള്ളത്. ഇതുമൂലം ഇഴ ജന്തുക്കൾ പാലത്തിന്റെ അടി ഭാഗത്തുള്ള അടിക്കാടുകളിൽ അഭയം തേടി. രാത്രികാലങ്ങളിൽ പുറത്തേക്ക് വരുന്ന ഇഴജന്തുക്കൾ കാൽനട യാത്രക്കാർക്ക് വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.