കൊട്ടാരക്കര: ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊലീസിനെ സഹായിക്കുന്നതിനായി കൊല്ലം റൂറൽ ജില്ലയിൽ ഫ്രണ്ട്സ് ഒഫ് പൊലീസ് എന്ന പേരിൽ പുതിയ സന്നദ്ധ സേനയ്ക്ക് രൂപം നൽകുന്നു.
കുറ്റവാളികളെക്കുറിച്ചും കുറ്റകൃത്യത്തെക്കുറിച്ചും പൊലീസിന് വിവരം നൽകുക, ക്രമസമാധാന പാലനത്തിന് പൊലീസിനെ സഹായിക്കുക തുടങ്ങിയവയാണ് ഫ്രണ്ട്സ് ഒഫ് പൊലീസിന്റെ കർത്തവ്യങ്ങൾ. റൂറൽ ജില്ലയിലെ എട്ട് സ്റ്റേഷനുകളിലാണ് ആദ്യമായി പദ്ധതി നടപ്പക്കുന്നത്. എട്ട് നിയോജക മണ്ഡലങ്ങളിലാണ് ഇവ തിരഞ്ഞെടുത്തിട്ടുള്ളത്. അതത് മണ്ഡലങ്ങളിലെ എം.എൽ.എമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും പൂർണ്ണ സഹകരണം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുക. ഈ മാസം 31ന് മുമ്പായി അംഗങ്ങളുടെ സെലക്ഷൻ നടപടികൾ പൂർത്തിയാക്കും. ജനുവരി 10 മുതൽ പരിശീലനം നൽകുകയും 20ന് പ്രവർത്തന സജ്ജരാക്കി രംഗത്തിറക്കാനുമാണ് തീരുമാനം. പിന്നീട് മറ്റ് സ്റ്റേഷനിലേക്കും ഇത് വ്യാപിപ്പിക്കും. റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ മേൽനോട്ടത്തിലാണ് സന്നദ്ധ സേന രൂപീകരിക്കുന്നത്.
ആദ്യത്തെ 8 സ്റ്റേഷനുകൾ ഇവ
01. കൊട്ടാരക്കര
02. പൂയപ്പള്ളി
03. കുണ്ടറ
04. ശാസ്താംകോട്ട
05. പുനലൂർ
06. പത്തനാപുരം
07. അഞ്ചൽ
08. ചടയമംഗലം
പ്രവർത്തനം ഇങ്ങനെ...
മൂന്ന് വാർഡുകൾ ഉൾപ്പെടുത്തി സോണുകൾ
ഒരു സോണിൽ മുപ്പത് അംഗങ്ങൾ
ഇവരെ 15 പേരുള്ള രണ്ട് ടീമായി വിഭജിച്ച ശേഷമാണ് ഡ്യൂട്ടി നിശ്ചയിച്ച് നൽകും
ഒരോ വാർഡിലും 12 അംഗങ്ങൾ
25നും 45നും മദ്ധ്യേ പ്രായമുള്ള 10 പേർ
റിസർവായി 2 അംഗങ്ങൾ
വാർഡംഗങ്ങളും റസിഡൻസ് അസോ.കളും സഹകരിക്കും
ഒപ്പം എസ്.സി/എസ്.ടി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളും
വിമുക്തഭടന്മാർ, എൻ.സി.സി /എസ്.പി.സി മുൻ കേഡറ്റുകൾ എന്നിവർക്ക് പ്രാമുഖ്യം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും തിരിച്ചറിയൽ കാർഡും ക്രിമിനൽ പശ്ചാത്തലമുള്ളവർ, മദ്യപാനികൾ, ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ എന്നിവരെ ഒഴിവാക്കും
ഒരു അംഗത്തിന് മാസത്തിൽ രണ്ട് ദിവസം രാത്രികാല ഡ്യൂട്ടി
രാത്രികാല സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതി
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ജനകീയ പൊലീസ് സംവിധാനം കൊണ്ടുവരുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ രാത്രികാല സുരക്ഷയുടെ കാര്യത്തിൽ വലിയ വിജയം കാണുമെന്നാണ് പ്രതീക്ഷ. ഒരു വാർഡിൽ നിന്നും പൂർണ്ണ സേവനം കണക്കാക്കുന്ന 10 സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുത്താണ് പരിശീലനം നൽകുന്നത്. ഇവർ അതത് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെ നിയന്ത്രണത്തിലാകും. രാത്രികാലങ്ങളിൽ നിരന്തരം പൊലീസുമായി ഇവർക്ക് ബന്ധപ്പെടാനുള്ള സൗകര്യങ്ങളൊരുക്കും. സംശയകരമായ സാഹചര്യത്തിൽ ആരെ കണ്ടാലും ആ വിവരം പൊലീസിനെ അറിയിക്കാനും ഉടൻതന്നെ വേണ്ടുന്ന നടപടി കൈക്കൊള്ളാനും സംവിധാനമൊരുക്കുന്നുണ്ട്.
പൊതു ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പോലീസിന് പ്രവർത്തനം ശക്തമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും അംഗമാകാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ ഡിസംബർ 21ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.ജനുവരി 20ന് പദ്ധതി ആരംഭിക്കും
ഹരിശങ്കർ, റൂറൽ ജില്ലാ പൊലീസ് മേധാവി