കൊല്ലം: സിറ്റൗട്ടിൽ ഇരുന്ന് മൊബൈലിൽ ചാറ്റ് ചെയ്ത ഗിരിത പെട്ടെന്ന് മുറ്റത്തേക്കിറങ്ങി വലിയ കരിങ്കല്ലെടുത്ത് വീട്ടിനുള്ളിലേക്ക് കടന്നു. മുറ്റത്ത് മതിലിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന മേസ്തിരിയും സഹപണിക്കാരും അത് അത്ര ശ്രദ്ധിച്ചില്ല. കുറച്ചുകഴിഞ്ഞ് വീടിനുള്ളിൽ നിന്ന് ഒരു അലർച്ച കേട്ടപ്പോഴാണ് അവർ ഞെട്ടിയത്.
ആളെക്കൂട്ടി കതക് ചവിട്ടിപ്പൊളിച്ചപ്പോൾ ചോരയിൽ കുളിച്ചൊരു രൂപം കട്ടിലിൽ കിടക്കുന്നു. കരിങ്കല്ല് പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഭീകര രൂപിയായി ഗിരിത നിന്നുവിറയ്ക്കുന്നു. കഴിഞ്ഞ 11ന് ഉച്ചയ്ക്ക് 2ഓടെ നടന്ന ആ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് വിമുക്തമായിട്ടില്ല വെണ്ടാർ ഗ്രാമം. തലച്ചോർ പുറത്തേക്ക് തെറിച്ച് കണ്ണുകൾ തള്ളി മരണത്തോട് മല്ലടിക്കുന്ന രമണിഅമ്മയെ കട്ടിലിൽ നിന്ന് കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുമ്പോൾ ജീവൻ തിരികെപ്പിടിക്കാമെന്നാണ് ബന്ധുക്കളടക്കം കരുതിയത്. മരുമകളുടെ ക്രൂര ആക്രമണത്തിനിരയായി മരണത്തിനും ജീവിതത്തിനുമിടയിൽ നാല് ദിവസം വീർപ്പുമുട്ടിയ കൊട്ടാരക്കര വെണ്ടാർ വെൽഫെയർ സ്കൂളിന് സമീപം ആമ്പാടിയിൽ പുത്തൻവീട്ടിൽ രമണിഅമ്മ (66) ഒടുവിൽ തിരികെവരാത്തിടത്തേക്ക് യാത്രയായി. അരുംകൊലയ്ക്ക് പിന്നിലെ കഥകൾ നാട്ടുകാർക്ക് വാതോരാതെ പറയാനുണ്ടായിരുന്നു. അവിഹിത ബന്ധങ്ങളുടെ കഥക്കെട്ടഴിച്ചപ്പോൾ നാണംകെട്ടത് ഒരാൾ മാത്രമായിരുന്നില്
അയൽ വീട്ടിലെ പ്രണയ നായകൻ
കടമ്പനാട് സ്വദേശിനിയായ ഗിരിതയെ ബിമൽകുമാർ വിവാഹം ചെയ്തുകൊണ്ടുവന്നതാണ്. വെണ്ടാറിൽ താമസം തുടങ്ങി ആഴ്ചകൾ പിന്നിട്ടപ്പോഴേക്കും സമീപവാസിയായ യുവാവ് ഗിരിതയിൽ കണ്ണെറിഞ്ഞു. പിന്നെ അതൊരു പ്രണയ ബന്ധമായി മാറിയത് വളരെ പെട്ടെന്നാണ്. യുവാവ് വിവാഹിതനായപ്പോഴും പ്രണയ ബന്ധത്തിൽ വിള്ളലുണ്ടായില്ല. നാട്ടുകാരിൽ പലർക്കും ഇത് അറിയാമായിരുന്നു.
അമ്മായിഅമ്മയായിരുന്നു എപ്പോഴും ഗിരിതയ്ക്ക് തടസം. ഭർത്താവിന് ഇടയ്ക്ക് മറ്റൊരു അക്കിടി പറ്റിയതോടെ ഗിരിതയ്ക്ക് ലൈസൻസായി. ഭർത്താവ് ജോലിക്ക് പോകുന്ന ദിനങ്ങളിലെല്ലാം അയൽക്കാരനായ യുവാവിന്റെ സാന്നിദ്ധ്യമുണ്ടായി. അമ്മായിഅമ്മയും മരുമകളും തമ്മിൽ സ്വരച്ചേർച്ചക്കുറവ് തുടങ്ങിയത് ഇവിടം മുതലാണ്. സഹികെട്ട ബിമൽകുമാർ ഇവിടെ നിന്ന് താമസം മാറ്റാൻ തീരുമാനിച്ചു. മാനന്തവാടിയിലേക്ക് സ്ഥലംമാറ്റം വാങ്ങി ഗിരിതയെയും മക്കളെയും കൂട്ടി പോകുമ്പോൾ ഒരു സ്വസ്ഥ ജീവിതം പ്രതീക്ഷിച്ചതാണ്.
രണ്ട് വർഷത്തിനുശേഷമാണ് വെണ്ടാറിൽ നിർമ്മിച്ച പുതിയ വീട്ടിലേക്ക് തിരികെ താമസത്തിനെത്തിയത്. എത്തിയ ദിവസം തന്നെ ഗിരിതയുടെ കണ്ണോടിയത് കാമുകനിലേക്കാണ്. ഭർത്താവും കാമുകനും തമ്മിൽ ആദ്യമുണ്ടായിരുന്ന ഉടക്കുകൾ മാറി കൂട്ടുകൂടിയതും ഗിരിതയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി. ബിമൽകുമാറിനും ചില്ലറ ചുറ്റിക്കളികൾ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.
കൊലയ്ക്ക് പിന്നിൽ?
രമണിഅമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചു. സർക്കാർസർവീസിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പെൻഷൻ തുക രമണിഅമ്മയ്ക്ക് ലഭിക്കുമ്പോൾ മൂന്ന് മക്കൾക്കുമായി വീതം വച്ച് നൽകും. ബിമൽകുമാർ രമണിഅമ്മയെ മുൻപ് മർദ്ദിച്ച സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും മകനോട് ആ അമ്മമനസിന് വിരോധം ഉണ്ടായിരുന്നില്ല. ഗിരിത അയൽവാസിയായ യുവാവുമായി അടുപ്പത്തിലായത് രമണിയമ്മയ്ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. പലപ്പോഴും ഇത് ചോദ്യം ചെയ്യുകയും അതേച്ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു. ഇതാകാം കൊലപാതകത്തിലെത്തിച്ചതെന്നാണ് പ്രധാനമായും വിലയിരുത്തുന്നത്. വസ്തു സംബന്ധമായ മറ്റൊരു തർക്കം കൂടി കുടുംബത്ത് നിലനിന്നിരുന്നു. അതുമായി ബന്ധപ്പെട്ട തർക്കമാകാമെന്ന് മറ്റൊരു വിലയിരുത്തലുമുണ്ട്. എന്നാലും ഇത്ര ക്രൂരമായി കൊലപ്പെടുത്തിയത് എന്തിനാണെന്ന് ആർക്കും പിടികിട്ടുന്നുമില്ല. അതും ഉച്ച മയക്കത്തിലായിരുന്ന വൃദ്ധയെ!
കൊന്നിട്ട് ഞാനും ചത്തേനെ
'ഞാൻ അവരെ കൊല്ലാൻവേണ്ടി തന്നെ അടിച്ചതാണ്. എന്നിട്ട് ഞാനും ചത്തേനെ"- ഗിരിത പൊലീസിനോട് പറഞ്ഞു. എന്തിന് വേണ്ടിയാണെന്ന ചോദ്യത്തിന് ഉത്തരമില്ല. മുറിക്കുള്ളിൽ കയറി കതക് അടച്ചശേഷമായിരുന്നു കവറിൽ കല്ലുകെട്ടി അമ്മായിഅമ്മയുടെ തലയ്ക്ക് അടിച്ചത്. ശബ്ദം കേട്ടെത്തിയവർ വിളിച്ചിട്ടും കതക് തുറക്കാതെ വന്നപ്പോഴാണ് കതക് ചവിട്ടിപ്പൊളിച്ചത്.
യുവാവിനെ ചോദ്യം ചെയ്യും
ഗിരിതയുമായി ബന്ധമുള്ള യുവാവിനെ പൊലീസ് ചോദ്യം ചെയ്യും. റിമാൻഡിൽ കഴിയുന്ന ഗിരിതയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷമാകും യുവാവിനെ വിളിപ്പിക്കുക. ഗിരിതയെ സംഭവ സ്ഥലത്ത് എത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തും. പുത്തൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
വെണ്ടാറിൽ ഞെട്ടൽ മാറുന്നില്ല
മാസങ്ങൾക്ക് മുൻപാണ് വെണ്ടാറിൽ വാടക വീട്ടിൽ പ്രവാസിയുടെ ഭാര്യയായ സ്മിതയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കാമുകൻ പിന്നീട് കൊല്ലത്ത് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കുകയും ചെയ്തു. ഈ സംഭവത്തിൽ ഞെട്ടലിൽ നിന്ന് നാട് മോചിതമായി വരുമ്പോഴാണ് ഇപ്പോൾ മരുമകളുടെ അടിയേറ്റ് അമ്മായിഅമ്മ ദാരുണമായി മരിച്ചത്.