honey
കൊല്ലത്തിന്റെ പുതിയ മേയർ ഹണിക്ക് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നു

കൊല്ലം: സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും വടക്കുംഭാഗം കൗൺസിലറുമായ ഹണിമോൾ കൊല്ലം കോർപ്പറേഷൻ മേയറായി സ്ഥാനമേറ്റു. നഗരസഭാ ഹാളിൽ കളക്ടർ ബി. അബ്ദുൾ നാസറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ 55 അംഗ കൗൺസിലിലെ 37 എൽ.ഡി.എഫ് വോട്ടുകളും നേടിയാണ് ഹണിമോൾ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
മുൻ മേയർ വി. രാജേന്ദ്രബാബു മേയർ സ്ഥാനാർത്ഥിയായി ഹണിമോളുടെ പേര് നിർദ്ദേശിച്ചു. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് പിന്താങ്ങി. തൊട്ടുപിന്നാലെ എതിർസ്ഥാനാർത്ഥിയായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എ.കെ. ഹഫീസിനെ ആർ.എസ്.പി കൗൺസിലർ എം.എസ്. ഗോപകുമാർ നിർദ്ദേശിച്ചു. കിളികൊല്ലൂർ കൗൺസിലർ ടി. ലൈലാകുമാരി പിന്താങ്ങി. 55 കൗൺസിലിൽ അവധിയിലുള്ള യു.ഡി.എഫ് കൗൺസിലർ കരുമാലിൽ ഉദയസുകുമാരൻ ഒഴികെ ബാക്കിയെല്ലാവരും എത്തിയിരുന്നു. രണ്ട് സ്ഥാനാർത്ഥികൾ രംഗത്തെത്തിയതോടെ നടന്ന തിരഞ്ഞെടുപ്പിൽ ഹണിമോൾക്ക് എൽ.ഡി.എഫ് വോട്ടുകൾ പൂർണമായും ലഭിച്ചു. എ.കെ. ഹഫീസിന് 14 വോട്ട് കിട്ടി. രണ്ട് ബി.ജെ.പി കൗൺസിലർമാരും എസ്.ഡി.പി.ഐ കൗൺസിലർമാരും കൗൺസിൽ യോഗത്തിനെത്തി ഹാജർ രേഖപ്പെടുത്തിയെങ്കിലും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ, എം. നൗഷാദ് എം.എൽ.എ തുടങ്ങിയവർ കൗൺസിൽ ഹാളിലെത്തി പുതിയ മേയറെ അഭിനന്ദിച്ചു.

മേയറായിരുന്ന സി.പി.എമ്മിലെ വി. രാജേന്ദ്രബാബു എൽ.ഡി.എഫിലെ ധാരണ പ്രകാരം രാജിവച്ചതോടെയാണ് പുതിയ മേയറെ തിരഞ്ഞെടുത്തത്. വനിതാ സംവരണത്തിന്റെ ആനുകൂല്യമില്ലാതെ കൊല്ലം മേയറാകുന്ന ആദ്യ വനിതയാണ് ഹണിമോൾ. കഴിഞ്ഞ ഭരണസമിതിയുടെ അവസാന കാലയളവിൽ പതിനൊന്ന് മാസക്കാലം മേയറായി പ്രവർത്തിച്ചിട്ടുണ്ട്. മഹിളാ സംഘം ജില്ലാ ജോ. സെക്രട്ടറി, സി.പി.ഐയുടെ തദ്ദേശസ്വയംഭരണ ഡിപ്പാർട്ട്മെന്റ് കമ്മിറ്റി അംഗം, ജില്ലാ വികസന സമിതി, സംസ്ഥാന മൃഗസംരക്ഷണ ബോർഡ് എന്നിവയിൽ അംഗമാണ്. ആർ.എം.എസ് ജീവനക്കാരൻ ജെ. ബഞ്ചമിൻ ഭർത്താവാണ്. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ഹാമിൻ. ജെ. ബഞ്ചമിൻ, ഫാത്തിമ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി സാന്ദ്ര ജെ. ബഞ്ചമിൻ എന്നിവർ മക്കളാണ്.

 തീരുമാനമെത്തിയത്

രണ്ടര മണിക്കൂർ മുമ്പ്

മേയർ തിരഞ്ഞെടുപ്പിന് രണ്ടര മണിക്കൂർ മുമ്പ് മാത്രമാണ് സ്ഥാനാർത്ഥിയെ സംബന്ധിച്ച സി.പി.ഐ സംസ്ഥാന സെന്ററിന്റെ തീരുമാനമെത്തിയത്. മേയർ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ഞായറാഴ്ച ചേർന്ന സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ഹണിമോളുടെയും കടപ്പാക്കട കൗൺസിലർ എൻ. മോഹനന്റെയും പേരുകൾ ഉയർന്ന് ത‌ർക്കം രൂക്ഷമായതോടെ അന്തിമ തീരുമാനം സംസ്ഥാന സെന്ററിന് വിടുകയായിരുന്നു. ഇന്നലെ രാവിലെ 8.30ന് സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സി.പി.ഐ കൗൺസിലർമാരുടെ പാർലമെന്ററി പാർട്ടി യോഗത്തിന് തൊട്ടുമുൻപ് തിരുവനന്തപുരത്ത് ചേർന്ന സെന്റർ യോഗ തീരുമാനം ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ റിപ്പോർട്ട് ചെയ്തു. എതിർ സ്വരങ്ങളില്ലാതെ യോഗം ഒറ്റക്കെട്ടായി തീരുമാനം അംഗീകരിച്ചു.