train
പൗരത്വ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞപ്പോൾ

കൊല്ലം: പൗരത്വ ബില്ലിനെതിരെയും ബില്ലിനെതിരെ സമരം ചെയ്ത ഡൽഹി ജാമിയാ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾക്ക് നേരേയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ കൊല്ലം റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നൂറോളം എസ്.എഫ്.ഐ പ്രവർത്തകർ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്രകടനമായെത്തി ട്രെയിൻ തടഞ്ഞത്. അര മണിക്കൂറോളം എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ തടഞ്ഞിട്ട പ്രവർത്തകർ പ്രകടനമായി മടങ്ങി. ജില്ലാ സെക്രട്ടറി ആദർശ് എം. സജി, സംസ്ഥാന കമ്മിറ്റി അംഗം ജെ. ജയേഷ്, ജില്ലാ വൈസ് പ്രസിഡന്റ് എസ്. സന്ദീപ്, ഫാറൂഖ് ഫൈസൽ, ഗോപീകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇന്നലെ രാവിലെ പതിനൊന്നരയോടെ പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബാംഗ്ലൂർ- കൊച്ചുവേളി എക്സ് പ്രസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ, എസ്.ആർ. അരുൺബാബു, ജില്ലാ ജോ. സെക്രട്ടറി പി.കെ. സുധീർ, ശബരി, എസ്. ഷബീർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകരെ ആർ.പി.എഫ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. പ്രകടനമായി എത്തിയ പ്രവർത്തകർ തിരുവനന്തപുരത്തേക്കുള്ള അനന്തപുരി എക്സ്‌പ്രസ് പതിനഞ്ച് മിനിട്ടോളം തടഞ്ഞിട്ടു. ആർ.പി.എഫ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് റെയിൽവേ കോടതിയിൽ ഹാജരാക്കി വിട്ടയച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, സംസ്ഥാന ഭാരവാഹികളായ സുഹൈൽ അൻസാരി, യദുകൃഷ്ണൻ, തൗഫീക്ക് അഞ്ചൽ, അതുൽ.എസ്.പി, യൂത്ത് കോൺഗ്രസ് നേതാക്കളായ ബിനോയ് ഷാനൂർ, അർഷാദ്, അജിത് ലാൽ, അജു ചിന്നക്കട, സച്ചു, കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റുമാരായ ബിച്ചു കൊല്ലം, ദീക്ഷിത്ത്, തമിം, രഹൻ, അഭിഷേക് എന്നിവർ നേതൃത്വം നൽകി.