പത്തനംതിട്ട :റോഡിലെ മരണക്കുഴികൾ നികത്തണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ കെട്ടിടത്തിന് മുകളിൽ ഒറ്റയാൾ പ്രതിഷേധം. സാമൂഹ്യ പ്രവർത്തകനായ കൊല്ലം മേക്കോൺ മുരുകനാണ് വേറിട്ട പ്രതിഷേധം നടത്തിയത്.
കളക്ടറേറ്റ് വളപ്പിൽ നിർമ്മാണം നടക്കുന്ന പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് മുരുകൻ കയറിയത്. റോഡുകൾ നന്നാക്കണമെന്ന മുദ്രാവാക്യമെഴുതിയ ബോർഡ് കഴുത്തിൽ തൂക്കിയിരുന്നു.
പൊലീസ് എത്തി അനുനയിപ്പിച്ചാണ് മുരുകനെ താഴെയിറക്കിയത്. പരാതി ഉടൻ പരിഹരിക്കാമെന്ന് കളക്ടർ പി.ബി.നൂഹും ഉറപ്പുനൽകി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്
മുരുകൻ മുമ്പും ഒറ്റയാൾ പ്രതിഷേധം നടത്തിയിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് റോഡിലെ കുഴിയിൽ വീണ് മുരുകന്റെ ബന്ധു മരിച്ചതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആംബുലൻസ് വേണമെന്ന് ആവശ്യപ്പെട്ട് മുരുകൻ നേരത്തെ മരത്തിൽ കയറി പ്രതിഷേധിച്ചിരുന്നു. അടൂർ താലൂക്ക് ആശുപത്രിയിലും സമാന ആവശ്യത്തിന് പ്രതിഷേധം നടത്തിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറാണ്.