fire

# പ്രതികൾ ഡി.എച്ച്.ആർ.എം പ്രവർത്തകർ

കൊല്ലം: ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് ഒന്നാം നമ്പർ കോടതി തീവച്ച കേസിലെ പ്രതികളെ വെറുതെ വിട്ട് കൊല്ലം സബ് കോടതി ജഡ്ജി ഡോണി തോമസ് വർഗ്ഗീസ് വിധി പ്രസ്താവിച്ചു. ഡി.എച്ച്.ആർ.എം പ്രവർത്തകരായ 10 പേരിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ വിചാരണയാണ് നടന്നത്. നാലാം പ്രതി പള്ളിമൺ വെളിച്ചിക്കാല ചരുവിള പുത്തൻവീട്ടിൽ സുധി (37), ഏഴാം പ്രതി വർക്കല ചെറുന്നിയൂർ കുടിയക്കോട് ചരുവിള വീട്ടിൽ തങ്കുട്ടൻ (പ്രഫുല്ല കുമാർ,38), പത്താം പ്രതി വർക്കല അയിരൂർ ഇലകമൺ എസ്.എസ് സദനത്തിൽ പൊന്നുമോൻ (സുനിൽ 35) എന്നിവരെയാണ് വെറുതെ വിട്ടത്. പ്രഫുല്ല കുമാർ, സുനിൽ എന്നിവർ ജാമ്യത്തിലായിരുന്നെങ്കിലും സുധി ഇപ്പോഴും ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്നു. പ്രതികൾക്കെതിരായി സമർപ്പിച്ച കുറ്റപത്രത്തിൽ ഗൂഢാലോചന, അനധികൃതമായി കൂട്ടംചേരൽ, തീവയ്പ്, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരുന്നതെങ്കിലും ഒന്നിനും മതിയായ തെളിവ് ഹജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കണ്ടെത്തിയാണ് വെറുതെ വിട്ടത്.

2009 സെപ്തംബർ 24 ന് അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. മൂന്നു ബൈക്കുകളിലായെത്തിയ പത്തംഗ സംഘം പെട്രോൾ, സാരി, റബർ പന്ത് എന്നിവ ഉപയോഗിച്ച് കോടതി മുറിയിൽ തീകൊളുത്തി. ബഞ്ച് ക്ളാർക്കിന്റെ മേശപ്പുറത്തിരുന്ന ഫയലുകളും മറ്റും കത്തി നശിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഒളിവിലായിരുന്ന ഏഴു പ്രതികളിൽ ഒരാളും മൂന്നാം പ്രതിയുമായ വർക്കല ചെറുകുന്നം പുതുവൽ പുത്തൻ വീട്ടിൽ സുധി ഇന്നലെ വിചാരണ കോടതിയിൽ നേരിട്ട് ഹാജരായി. ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു.

പ്രതികൾക്ക് വേണ്ടി അഭിഭാഷകനായ പി.ബസന്താണ് കോടതിയിൽ ഹാജരായത്.