പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുളള അച്ചൻകോവിൽ, ആര്യങ്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രങ്ങൾക്ക് പുറമെ കറുപ്പുസ്വാമി കോവിലിലെ വിഗ്രഹങ്ങളിലും ചാർത്താനുളള തിരുവാഭരണ ഘോഷയാത്രയ്ക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി.
പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്ട്രോംഗ് മുറിയിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണം ഇന്നലെ രാവിലെ 7ന് മൂന്ന് പേടകങ്ങളിലാക്കി ക്ഷേത്രത്തിനു മുന്നിലെ പന്തലിൽ ദർശനത്തിനായി വച്ചു. ദേവസ്വം ഭാരവാഹികൾ അടക്കം നൂറുകണക്കിന് ഭക്തർ തിരുവാഭരണം ദർശിച്ച് സായൂജ്യമടങ്ങി.
10.30ന് മൂന്ന് പേടകങ്ങളുമായി ഘോഷയാത്ര പുറപ്പെട്ടു. താലപ്പൊലി, അലങ്കരിച്ച വാഹനങ്ങൾ, ഭക്ത ജനങ്ങൾ എന്നിവ അകമ്പടിയായി. പുനലൂർ ടി.ബി ജംഗ്ഷൻ, കലയനാട്, താമരപ്പള്ളി, ഇടമൺ ശ്രീഷൺമുഖക്ഷേത്രം, ഉറുകുന്ന്, ഒറ്റക്കൽ, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, പാലരുവി തുടങ്ങിയ സ്ഥലങ്ങളിൽ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. തുടർന്ന് ആര്യങ്കാവ് ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുളള തിരുവാഭരണം പാലരുവിയിലെ മണ്ഡപത്തിൽ പൂജിച്ചു. പാലരുവിയിൽ നിന്ന് വൈകിട്ട് 5ന് തിരുവാഭരണം ആര്യങ്കാവ് ക്ഷേത്രത്തിൽ എത്തിച്ച് കറുപ്പ് സ്വാമി കോവിലെ തിരുവാഭരണം നൽകിയ ശേഷം ഘോഷയാത്ര കോട്ടവാസൽ, ചെങ്കോട്ട വഴി തെങ്കാശിയിൽ എത്തിച്ചേർന്നു.
തെങ്കാശി ഭരണകൂടം നൽകിയ സ്വീകരണത്തിന് ശേഷം വൻ പൊലിസ് സന്നാഹത്തോടെ തിരിതെ പമ്പളി, കുംഭവുരുട്ടി വഴി വൈകിട്ട് 5.30ന് അച്ചൻകോവിൽ ഹൈ സ്കൂൾ ജംഗ്ഷനിൽ തിരുവാഭരണ ഘോഷയാത്ര എത്തിച്ചേർന്നു. ഇവിടെ നിന്ന് അച്ചൻകോവിൽ ദേവസ്വം ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ച് അച്ചൻകോവിൽ ധർമ്മ ശാസ്താക്ഷേത്രത്തിൽ എത്തിച്ചു. 6.15ന് തിരുവാഭരണം അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി. ഇന്ന് മുതൽ ആര്യങ്കാവ്, അച്ചൻകോവിൽ ക്ഷേത്രങ്ങളിൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവങ്ങൾക്കും തുടക്കമാകും.